
ചേര്‍ത്തല: തണ്ണീര്‍മുക്കം വെറുങ്ങിന്‍ചുവട് പടിഞ്ഞാറെ വേലിക്കകത്ത് സന്തോഷ് (കടുവ സന്തോഷ്-53) കൊല്ലപ്പെട്ട കേസില്‍ ഒളിവിലായിരുന്ന പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങി. സമീപവാസിയായ പ്രാദേശിക കരാറുകാരന്‍ കരിക്കാട് അംബികാലയത്തില്‍ പി.ആര്‍. ഐറിഷ് (48) ആണ് തിങ്കളാഴ്ച 10.50-ഓടെ ചേര്‍ത്തല സര്‍ക്കിള്‍ ഓഫീസിലെത്തി കീഴടങ്ങിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
ഏതാനും ദിവസംമുന്‍പ് ഐറിഷിന്റെ മകളെ മരിച്ച സന്തോഷ് കളിയാക്കിയിരുന്നു. ഇതില്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെപേരില്‍ സന്തോഷ് ഐറിഷിന്റെ വീട്ടിലെത്തി ഭീഷണിമുഴക്കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകമെന്നാണു റിപ്പോര്‍ട്ട്. അഞ്ചിനു രാത്രി 11.42-ഓടെ കാറില്‍ സന്തോഷിന്റെ വീടിനു സമീപത്തെത്തിയ ഐറിഷ് വീട്ടില്‍
കിടപ്പുമുറിയില്‍ കിടന്ന സന്തോഷിനെ മുളവടിക്ക് തലയ്ക്കും കാലിനും അടിച്ചിരുന്നു.
ആക്രമണത്തില്‍ സന്തോഷ് കൊല്ലപ്പെട്ടു. ആക്രമണശേഷം കാറില്‍ രക്ഷപ്പെട്ട ഐറിഷ് എട്ടുദിവസം ഒളിവിലായിരുന്നു. ഇതിനിടെ ജില്ല കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കുംമുന്നേ കീഴടങ്ങുകയായിരുന്നു. ആറിനു രാവിലെയാണ് സന്തോഷിനെ മര്‍ദനമേറ്റ മുറിവുകളോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തലയില്‍ കീഴടങ്ങിയ ഐറിഷിനെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി.