
പോത്താനിക്കാട്: ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യുടെ പണിപൂര്‍ത്തിയായി വരുന്ന വീട്ടില്‍ മോഷണം. പൈങ്ങോട്ടൂര്‍ ആയങ്കരയിലെ വീട്ടില്‍ ഞായറാഴ്ച ആറരയോടെയാണ് സംഭവം. വീട്ടുകാരോ തൊഴിലാളികളോ സ്ഥലത്തുണ്ടായിരുന്നില്ല. മതില്‍ ചാടി വന്ന മോഷ്ടാവ് വീടിനുള്ളില്‍ നിര്‍മാണത്തിന്റെ ഭാഗമായുണ്ടായിരുന്ന വൈദ്യുതി കേബിളുകള്‍ മുറിച്ച് കടത്തി. വൈദ്യുതി പാനല്‍ ബോര്‍ഡ് അറുത്തെടുത്തു.
50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പറഞ്ഞു. പോത്താനിക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കല്ലൂര്‍ക്കാട് പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. വിരലടയാള വിദഗ്ധര്‍, ശാസ്ത്രീയ പരിശോധക സംഘം എന്നിവര്‍ സ്ഥലത്തെത്തി. മോഷണ മുതലുകള്‍ വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നും പോലീസ് തിരക്കുന്നുണ്ട്.
പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍നിന്ന് വിളക്കുകളും നിവേദ്യ പാത്രങ്ങളും മോഷണം പോയി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോഷണം നടന്നത്. സി.സി.ടി.വി. യില്‍ മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി.