Image

ഒരുകോടിയുടെ ഭൂമി തട്ടിയെടുക്കാന്‍ വ്യാജ ആധാരം; കേരള കോണ്‍ഗ്രസ് നേതാക്കളടക്കം മൂന്നുപേര്‍ റിമാന്‍ഡില്‍

Published on 15 September, 2026
 ഒരുകോടിയുടെ ഭൂമി തട്ടിയെടുക്കാന്‍ വ്യാജ ആധാരം; കേരള കോണ്‍ഗ്രസ് നേതാക്കളടക്കം മൂന്നുപേര്‍ റിമാന്‍ഡില്‍


തൊടുപുഴ: കാല്‍നൂറ്റാണ്ടായി ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചകേസില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം നേതാക്കളടക്കം മൂന്നുപേര്‍ റിമാന്‍ഡില്‍. കാഞ്ചിയാര്‍ സ്വദേശികളായ ഡൊമിനിക് സാവിയോ(54), ജോസഫ് തോമസ് മറ്റപ്പള്ളില്‍(71), ജിജി ജോസഫ്(45) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തത്.

ഡൊമിനിക് സാവിയോ കേരള കോണ്‍ഗ്രസ് (ജെ) കാഞ്ചിയാര്‍ മണ്ഡലം പ്രസിഡന്റും യു.ഡി.എഫ്. മണ്ഡലം ചെയര്‍മാനും കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. ജോസഫ് തോമസ് കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ കമ്മിറ്റിയംഗവും. തമിഴ്നാട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.


കട്ടപ്പന പേഴുംകവലയില്‍ ഒരുകോടിയോളം രൂപ വിലമതിക്കുന്ന 37 സെന്റ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഭൂമിക്ക് വ്യാജ ആധാരം, സെയില്‍ ലെറ്റര്‍ എന്നിവ നിര്‍മിച്ച് പോക്കുവരവ് നടത്തി. ശേഷം പരാതിക്കാരിയുടെ പേരില്‍ മറ്റൊരു സ്ത്രീയെക്കൊണ്ട് തൊടുപുഴ കാരിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍െവച്ച് ജൂലായ് ആറിന് ജോസഫ് തോമസിന്റെ പേരിലേക്കും പിന്നീട് 17-ന് ജിജി ജോസഫിന്റെ പേരിലേക്കും ആധാരമെഴുതി നല്‍കുകയായിരുന്നു.

ഈ സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൂവര്‍ക്കുമെതിരേ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ രേഖ വ്യാജമായി നിര്‍മിക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍പ്രകാരം കേസെടുത്തു. ഭൂമി തങ്ങളുടെ പേരിലാക്കിയശേഷം പണയപ്പെടുത്തിയോ വില്‍പന നടത്തിയോ പണം പങ്കിടാനായിരുന്നു പദ്ധതി. ഭൂമി വില്‍ക്കുന്നതിന്റെ ഭാഗമായി ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എടുത്തപ്പോഴാണ് യഥാര്‍ഥ ഉടമയ്ക്ക് മനസ്സിലാകുന്നത്.

ഇതോടെ ആദ്യ രജിസ്‌ട്രേഷന്‍ നടത്തിയ കാരിക്കോട് ഉള്‍പ്പെടുന്ന തൊടുപുഴ പോലീസില്‍ ഓഗസ്റ്റ് 18-ന് പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡിലാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പോലീസ് പറഞ്ഞു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക