
തിരുവനന്തപുരം: സി.എം.ആര്‍.എല്‍ പണമിടപാട് കേസില്‍ രാഷ്ട്രീയ പകപോക്കലാണെന്ന സിപിഎമ്മിന്റെയും പിണറായി വിജയന്റെയും വാദങ്ങള്‍ തള്ളുന്നതാണ് പുറത്തുവരുന്ന പുതിയ തെളിവുകളെന്ന് ബിജെപിനേതാവ് ഷോണ്‍ ജോര്‍ജ്. 2024 കാലഘട്ടത്തില്‍ ടി. വീണയ്ക്ക് പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലാതിരുന്ന സാഹചര്യത്തില്‍, മന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ അവര്‍ക്കുണ്ടായ വരുമാനം മന്ത്രിയുടെ അനധികൃത സ്വത്ത് സമ്പാദനമാണെന്നും അതിനാല്‍ മന്ത്രി മുഹമ്മദ് റിയാസ് ഈ കേസില്‍ പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയായിരുന്ന സമയത്ത് പി. എ. മുഹമ്മദ് റിയാസ് നടത്തിയിട്ടുള്ള അഴിമതികളെക്കുറിച്ചും തിരിമറികളെക്കുറിച്ചും പുതിയ അന്വേഷണം വേണമെന്ന് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കഴിഞ്ഞ 10 മുതല്‍ 15 വരെ വര്‍ഷങ്ങള്‍ക്കിടയില്‍ നടന്നിട്ടുള്ള വിദേശ പണമിടപാടുകള്‍ സി.എം.ആര്‍.എല്ലില്‍ മാത്രം ഒതുങ്ങുന്നതല്ല. എസ്.എന്‍.സി ലാവ്‌ലിന്‍, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് തുടങ്ങിയ കമ്പനികളില്‍ നിന്നും പണം ദുബായ് ആസ്ഥാനമായുള്ള അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു അതിനാല്‍ കഴിഞ്ഞ 10-15 വര്‍ഷത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടിട്ടുള്ള ഏത് കരാറിന് പിന്നിലെയും ഇവരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റെയ്ഡില്‍ പരിശോധിച്ച രേഖകള്‍ പ്രകാരം ഒരു വര്‍ഷം മാത്രം 85 ലക്ഷം രൂപ വിദേശത്തേക്ക് കടത്തിയതായി ഡയറിയില്‍ എഴുതിയിട്ടുണ്ടെന്നും ഡയറിയില്‍ എഴുതാത്ത തുകകള്‍ വേറെയുമുണ്ടെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. വീണയെ രണ്ടുതവണ ചോദ്യം ചെയ്തപ്പോഴും മൗനം പാലിച്ച മുഹമ്മദ് റിയാസ്, തന്റെ സുഹൃത്തുക്കളുടെ പേരുകള്‍ പുറത്തുവന്നപ്പോള്‍ പെട്ടെന്ന് പ്രതികരണവുമായി രംഗത്തുവന്നത് കേസിന്റെ ഗൗരവം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.