
ചെന്നൈ: അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളിൽ ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം ആകർഷിച്ചെന്ന ടിവികെ സർക്കാരിൻ്റെ അവകാശവാദത്തിനെതിരെ ഡിഎംകെ രംഗത്തെത്തി. സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ ലണ്ടൻ സന്ദർശനത്തെ കാർ റേസ് കാണാന്‍ പോയതാണെന്നും ഡിഎംകെ പരിഹസിച്ചു.
2026-ലെ ആദ്യ മൂന്ന് മാസത്തിൽ തമിഴ്‌നാട്ടിലെ പുതിയ നിക്ഷേപ നിർദ്ദേശങ്ങളിൽ ഏകദേശം 74.5 ശതമാനം കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ഡിഎംകെയുടെ തമിഴ് മുഖപത്രമായ 'മുരശൊലി' അവകാശപ്പെട്ടു.
നിക്ഷേപം ആകർഷിക്കുന്നതിൽ തമിഴ്‌നാടിൻ്റെ ദേശീയ റാങ്കിംഗ് ആറാം സ്ഥാനത്ത് നിന്ന് പതിനേഴാം സ്ഥാനത്തേക്ക് താഴ്ന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതായി 2026 സെപ്റ്റംബർ 14-ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പത്രം ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്, കർണാടക, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പുതിയ മുഖ്യമന്ത്രിമാർ അധികാരമേറ്റതിനെത്തുടർന്ന് ഈ വർഷത്തെ ആദ്യ പാദത്തിൽ തമിഴ്‌നാട്ടിലെ വ്യാവസായിക നിക്ഷേപങ്ങളിൽ തിരിച്ചടി നേരിട്ടപ്പോൾ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും നിർദ്ദിഷ്‌ട നിക്ഷേപങ്ങളിൽ ഗണ്യമായ വർധനവുണ്ടായതായും മുരശൊലി റിപ്പോർട്ടുകളിൽ പരാമർശിച്ചിരുന്നു. എല്ലാ വ്യവസായ കമ്പനികളും ആന്ധ്രാപ്രദേശിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഡിഎംകെ ആരോപിച്ചു.
ഈ സാഹചര്യത്തിൽ ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന സർക്കാരുകൾക്ക് വലിയ നേട്ടമായി മാറിയ പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി യാതൊരു ദീർഘവീക്ഷണവുമില്ലാതെ ടിവികെ സർക്കാർ റദ്ദാക്കിയെന്ന് മുരശൊലിയിൽ പറയുന്നു. വിജയ് കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെയും മുഖ്യമന്ത്രിയായി അഭിനയിക്കുകയാണോ എന്ന് സോഷ്യൽ മീഡിയയിൽ പരിഹാസമുണ്ടെന്നും മുഖപത്രമായ മുരശൊലിയിൽ പറയുന്നു. ഇക്കാര്യം മറച്ചുവെക്കാൻ പലതരം നുണകൾ മെനയുകയാണെന്നും അടുത്തിടെ നടന്ന നിക്ഷേപക സംഗമം അത്തരമൊരു സംഭവമാണെന്നും മുരശൊലി ആരോപിച്ചു.
ഓഗസ്റ്റ് 13-ന് ചെന്നൈയിൽ വിജയിയുടെ സാന്നിധ്യത്തിൽ നടന്ന 'വെട്രി തമിഴ്‌നാട് നിക്ഷേപക സംഗമ'ത്തിൽ 97 ധാരണാപത്രങ്ങൾ ഒപ്പുവെച്ചതായി വ്യവസായ വകുപ്പ് അറിയിച്ചു. 67,452 കോടി രൂപയുടെ നിക്ഷേപവും 1,06,998 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും വ്യവസായ വകുപ്പ് ഉറപ്പ് നൽകി.