
ഗുവാഹത്തി: ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ അസം സ്വദേശി പോലീസ് വാഹത്തില്‍ നിന്ന് ചാടി മരിച്ചു. ഗുവാഹത്തിയില്‍ നിന്നുള്ള രാമാനുജ് ഗോസ്വാമി ആണ് മരിച്ചത്. 30 വയസ്സായിരുന്നു.
വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയുമായി പോലീസ് വാഹനം ഹത്തിഗാവ് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഗുവഹാത്തി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി മടങ്ങവെ, നരകാസുര്‍ പഹാര്‍ പ്രദേശത്തിന് സമീപം വെച്ച് ഗോസ്വാമി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് ചാടുകയുമായിരുന്നു. റോഡരികിലെ താഴ്ചയിലേക്ക് വീണ് ഗുരുതര പരിക്കേറ്റ പ്രതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
സെപ്തംബര്‍ മൂന്നിനാണ് ഗുവാഹത്തിയിലെ ഫ്ളാറ്റില്‍ വെച്ച് 25കാരിയായ റിയ താലൂക്ദാറിനെ കൊലപ്പെടുത്തിയ ശേഷം ഗോസ്വാമി തലയറുത്തുമാറ്റിയത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ദമ്പതികള്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
പോലീസ് നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ കറുത്ത പോളിത്തീന്‍ ബാഗിലാക്കി സൂക്ഷിച്ച നിലയില്‍ യുവതിയുടെ തലയും വിരലുകളും കണ്ടെത്തുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം (സെക്ഷന്‍ 103(1)), തെളിവ് നശിപ്പിക്കല്‍ (സെക്ഷന്‍ 238) എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാമാനുജ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 6ന് പോലീസില്‍ കീഴടങ്ങിയ ഗോസ്വാമി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിലായിരുന്നു