Image

വിമാനം വെടിവച്ചിട്ട ശേഷം ഇറാനിൽ 50 മണിക്കൂർ കഴിയേണ്ടി വന്നതു യുഎസ് എയർ ഫോഴ്സ് ഓഫിസർ ഓർമിക്കുന്നു: 'ഏറ്റവും ഭീകരമായ അനുഭവം' (പിപിഎം)

Published on 14 September, 2026
വിമാനം വെടിവച്ചിട്ട ശേഷം ഇറാനിൽ 50 മണിക്കൂർ കഴിയേണ്ടി വന്നതു യുഎസ് എയർ ഫോഴ്സ് ഓഫിസർ ഓർമിക്കുന്നു: 'ഏറ്റവും ഭീകരമായ അനുഭവം'  (പിപിഎം)

യുഎസ്-ഇറാൻ യുദ്ധത്തിനിടയിൽ ഇറാൻ അതിർത്തിക്കുള്ളിൽ വെടിവച്ചിട്ട എഫ്-15 ഇ പോർ വിമാനത്തിൽ ഉണ്ടായിരുന്ന എയർ ഫോഴ്‌സ് കേണൽ 50 മണിക്കൂറോളം ശത്രുക്കളുടെ സമീപത്തു കഴിഞ്ഞ വീരകഥ പുറത്തു വന്നു. സുരക്ഷ പരിഗണിച്ചു 'ബ്രാവോ' എന്ന കോഡ് പേരിൽ മാത്രമാണ് അദ്ദേഹത്തെ സി ബി എസ് ന്യൂസിന്റെ '60 മിനിറ്റ്സ്' ഷോയിൽ അവതരിപ്പിച്ചത്. 

യുഎസ് സൈന്യവും ഇന്റലിജൻസും ഉൾപ്പെട്ട അതിസാഹസികമായ രക്ഷാദൗത്യത്തിലാണ് അദ്ദേഹത്തെ രക്ഷിച്ചത്. രണ്ടു പേർ കയറിയ വിമാനത്തിൽ ബ്രാവോയ്ക്കൊപ്പം ഉണ്ടായിരുന്നത് 'ആൽഫാ' എന്നു മാത്രം പേരു പറയുന്ന പൈലറ്റ് ആണ്.   

'ഡ്യുഡ് 44' എന്ന ദൗത്യത്തിനിടയിലാണ് ഏപ്രിൽ 2നു ഇറാന്റെ മിസൈൽ അടിച്ചു വിമാനം വീണത്. ഇറാന്റെ ഡ്രോൺ-മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചു തകർക്കാൻ നിയോഗിച്ച വിമാനം വീണപ്പോൾ ആൽഫാ പുറത്തു വീണു ബ്രാവൊയിൽ നിന്നു വേർപെട്ടു.

ബ്രാവോയുടെ പാരഷൂട്ട് തകർന്നിരുന്നു. ആകാശത്തു നിന്നു 70-100 മൈൽ വേഗതയിലാണ് അദ്ദേഹം വീണത്. മരുഭൂമിക്കടുത്തു മലനിരകളിൽ വീണപ്പോൾ നടുവൊടിയുകയും കൈയ്യും തോളും ഒടിയുകയും ചെയ്‌തു.

"ഞാൻ നോക്കുമ്പോൾ പാരഷൂട്ട് ഇല്ല," ബ്രാവോ പറഞ്ഞു. "ഏറ്റവും ഭീകരമായ കാഴ്ച്ച ആയിരുന്നു അത്. ദൈവമേ നിന്റെ ഇഷ്ടം പോലെ നടക്കട്ടെ എന്നു ഞാൻ പ്രാർഥിച്ചു."

ആൽഫയിൽ നിന്ന് അഞ്ചു മൈൽ അകലെയാണ് ബ്രാവോ വീണതെന്നു സി ബി എസ് ന്യൂസ് പറഞ്ഞു. പരുക്കുകൾ ഉണ്ടായിട്ടും അവിടന്നു നീങ്ങാൻ കഴിഞ്ഞു. ഏഴായിരം അടി ഉയരമുള്ള ഭാഗത്തേക്കു നടന്നു കയറാൻ കഴിഞ്ഞു.

ഇറാൻ സേന ബ്രാവോയുടെ ഏതാനും മീറ്ററുകൾ എത്തിയിരുന്നു എന്നു യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്‌സ് മേധാവി ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. "ഈ രണ്ടു പേരെയും എത്തിപ്പിടിക്കാൻ ഇറാൻ സേന ആഗ്രഹിച്ചിരുന്നു എന്നതു വ്യക്തമാണ്."

ബ്രാവോയ്ക്കു യുഎസ് സേനയുമായി ബന്ധപ്പെടാൻ കഴിഞ്ഞു. അദ്ദേഹം ഒളിച്ചിരുന്ന ഭാഗത്തിനു സമീപം ഇറാൻ വിപ്ലവസേനയ്ക്കു എതിരെ യുഎസ് സേനയ്ക്കു ആക്രമണം നടത്താൻ കഴിഞ്ഞു. രണ്ടാമതൊരു രക്ഷാ സംഘത്തെ അയക്കുകയും ചെയ്തു. ആയിരക്കണക്കിനു പേർ ഉൾപ്പെട്ട ദൗത്യം ആയിരുന്നു അത്. ആകാശത്തെ ദൗത്യത്തിനു പുറമെ 90 സൈനികരെ താഴെയും വിന്യസിച്ചു. 

രക്ഷാ സംഘം എത്തിയപ്പോൾ തന്റെ ജീവിത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ ആയിരുന്നുവെന്നു ബ്രാവോ പറഞ്ഞു.

രണ്ടു യുഎസ് വിമാനങ്ങൾ മരുഭൂമിയിൽ കുടുങ്ങിയത് അതിനിടെ മറ്റൊരു പ്രതിസന്ധിയായി. ആ വിമാനങ്ങൾ പിന്നീട് നശിപ്പിക്കയാണ് ചെയ്തത്.

ഈസ്റ്റർ ഞായറാഴ്ചയാണ് ബ്രാവോയെ ഒടുവിൽ ഇറാനിൽ നിന്നു രക്ഷിച്ചു പുറത്തു കൊണ്ടുവന്നത്. വിമാനം വെടിവച്ചിട്ടു ഏതാണ്ട് 50 മണിക്കൂർ കഴിഞ്ഞപ്പോൾ.

US Air Force officer recalls '50 hours' in Iran territory 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക