
വയനാട്: കേന്ദ്ര സർക്കാരിൻ്റെ ഇഎസ്എ (പരിസ്ഥിതി ലോല പ്രദേശം) വിജ്ഞാപനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് മാനന്തവാടി രൂപത കത്തോലിക്ക കോൺഗ്രസ്. കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും നിർദിഷ്ട വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് കലക്ടറേറ്റിന് മുന്നിൽ കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
മാനന്തവാടി രൂപതയ്ക്ക് കീഴിലെ ഇടവകകളിൽ പ്രതിഷേധ ദിനം ആചരിച്ചതിന് പിന്നാലെയാണ് കലക്ടറേറ്റ് പടിക്കലേക്ക് പ്രക്ഷോഭം വ്യാപിപ്പിച്ചത്. ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഉൾപ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഇഎസ്എ വിജ്ഞാപനത്തിനെതിരെ മലയോര ഗ്രാമങ്ങളിൽ വലിയ പ്രതിഷേധമാണ് ഇരമ്പുന്നത്.
പശ്ചിമഘട്ട സംരക്ഷണത്തിൻ്റെ പേരിൽ ഇറക്കിയ പുതിയ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ നിരവധി വില്ലേജുകൾ ഉൾപ്പെട്ടതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. തലമുറകളായി കൃഷി ചെയ്ത് ജീവിക്കുന്ന കർഷകരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനമെന്ന് സമരക്കാർ ആരോപിക്കുന്നു. ഇതിൻ്റെ ഭാഗമായാണ് കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചത്.
കൃഷിഭൂമി ഇഎസ്എയിൽനിന്ന് പൂർണമായും ഒഴിവാക്കുക, ഇഎസ്എ മാപ്പ് പ്രസിദ്ധീകരിക്കുക, കാർബൺ ഫണ്ട് തിരിച്ചടയ്ക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ സമരം ഉദ്ഘാടനം ചെയ്തു. വനഭൂമി, കൃഷിയിടം, ജനവാസ മേഖല തുടങ്ങിയ റവന്യൂ വില്ലേജുകളാണ് ഇഎസ്എയുടെ പരിധിയിലേക്ക് വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പലർക്കും ഇഎസ്എ എന്താണെന്ന് കൃത്യമായി അറിയില്ലെന്നും, ജനിച്ച് വളർന്ന മണ്ണിൽ ജീവിക്കാൻ സാധിക്കാതെ കുടിയിറങ്ങേണ്ട അവസ്ഥയിലേക്ക് ജനങ്ങൾ എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത് നടപ്പിലാക്കുന്നത്. എന്നാൽ ഭാരതത്തിലെ കർഷകരാണ് യഥാർഥത്തിൽ ഇവയെ സംരക്ഷിക്കുന്നത്. കൃഷിഭൂമിയും ജനവാസ മേഖലയും ഇതിൽ ഉൾപ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണം. വനമേഖലയോട് ചേർന്ന് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. വിജ്ഞാപനം വരുന്നതോടെ ആരെയും മനഃപൂർവം ഇറക്കിവിടുന്നില്ലെങ്കിലും, ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ സ്വാഭാവികമായി ഇറങ്ങിപ്പോകേണ്ടി വരുമെന്ന് ജോൺസൺ തൊഴുത്തുങ്കൽ വിശദീകരിച്ചു. ഇഎസ്എയുടെ അന്തിമ വിജ്ഞാപനം വന്നാൽ പതിനാല് നിയമങ്ങളാണ് പ്രാബല്യത്തിൽ വരിക. ഇതോടെ കൃഷിയിടങ്ങളിൽ മണ്ണിളക്കാനോ, വീട് പണിയാനോ, റോഡ് പുതുക്കി പണിയാനോ സാധിക്കാത്ത അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാജു പുലിക്കോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ രൂപത ഭാരവാഹികളും പങ്കെടുത്തു