Image

എൻഎസ്എസ് ആസ്ഥാനത്തെത്തി മന്ത്രി ഷംസുദ്ദീൻ: ഷാൾ അണിയിച്ച് സ്വീകരിച്ച് സുകുമാരന്‍ നായര്‍; മുസ്‌ലിം സമുദായത്തോട് കുറച്ച് കൂടുതൽ ഇഷ്ടമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി

Published on 14 September, 2026
എൻഎസ്എസ് ആസ്ഥാനത്തെത്തി മന്ത്രി ഷംസുദ്ദീൻ: ഷാൾ അണിയിച്ച് സ്വീകരിച്ച് സുകുമാരന്‍ നായര്‍;  മുസ്‌ലിം സമുദായത്തോട് കുറച്ച് കൂടുതൽ ഇഷ്ടമെന്നും എൻഎസ്എസ്  ജനറൽ സെക്രട്ടറി

കോട്ടയം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൻഎസ്എസ് ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. ഇന്ന് 12.30 ഓടെയാണ് മന്ത്രി എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത്. എൻഎസ്എസ് ആസ്ഥാനത്തെത്തിയ മന്ത്രിയെ ഷാൾ അണിയിച്ചാണ് സുകുമാരൻ നായർ സ്വീകരിച്ചത്.

രാവിലെ കോട്ടയത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ വകുപ്പിൻ്റെ അദാലത്തിൽ പങ്കെടുത്ത ശേഷം കൊട്ടാരക്കരയിലെ അടുത്ത പരിപാടിയിലേക്ക് പോകുന്ന വഴിയായിരുന്നു സന്ദർശനം. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് എൻ. ഷംസുദ്ദീന്‍ എൻ.എസ്.എസ് ആസ്ഥാനത്തെത്തുന്നത്.

മന്ത്രിയുടെ സന്ദർശനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. മുസ്ലിം സമുദായവുമായോ ലീഗുമായോ ഒരിക്കലും അഭിപ്രായവ്യത്യാസം ഉണ്ടാക്കാൻ എൻഎസ്എസ്. ശ്രമിച്ചിട്ടില്ലെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം ജി സുകുമാരൻ നായർ പ്രതികരിച്ചു. എല്ലാ മതങ്ങളോടും ഒരേ സമീപനമാണ് ഉള്ളതെന്നും എന്നാൽ മുസ്ലിം സമുദായത്തോട് കുറച്ചുകൂടി പ്രത്യേക ഇഷ്‌ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ കൂടിക്കാഴ്‌ച വളരെ സൗഹൃദപരമായിരുന്നുവെന്നും വിദ്യാഭ്യാസ രംഗത്ത് എൻ.എസ്.എസ്. നൽകുന്ന സംഭാവനകൾ വലുതാണെന്നും നൂറ് കണക്കിന് വിദ്യാലയങ്ങളും കലാലയങ്ങളും നല്ല നിലയില്‍ എന്‍എസ്എസ് നടത്തുന്നുണ്ടെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ചയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജി സുകുമാരന്‍ നായരും പൊതു വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ധീനും തമ്മിലുള്ള കൂടിക്കാഴ്‌ച വലിയ രാഷ്‌ട്രീയ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ മുസ്‌ലിം ലീഗ് ചെലുത്തിയ സമ്മർദ്ദങ്ങലെയും അവരുടെ തീരുമാനങ്ങളെയും എന്‍ എസ് എസ് തുറന്നെതിർത്തിരുന്നു.

കൂടാതെ വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകിയതിലും സംഘടന പരസ്യമായി എതിർപ്പ് പ്രകടപ്പിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക