
സ്കൂൾകാലത്തെ രസകരമായ അനുഭവങ്ങളും അന്നത്തെ ജീവിത സാഹചര്യങ്ങളും ഓർത്തെടുത്ത് മുഖ്യമന്ത്രി വി.ഡി സതീശൻ. സാധാരണക്കാരായ കുട്ടികൾക്കൊപ്പം പഠിച്ച കാലം തനിക്ക് സമൂഹത്തിലെ യാഥാർഥ്യങ്ങൾ ചെറുപ്പത്തിൽ തന്നെ മനസിലാക്കാൻ സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലേക്ക് പോകാൻ വീട്ടിൽ നിന്ന് നാല്–അഞ്ച് കിലോമീറ്ററോളം നടക്കേണ്ടി വന്നിരുന്ന കാലത്തെ അനുഭവങ്ങളും സതീശൻ പങ്കുവെച്ചു. അക്കാലത്ത് ചെരുപ്പും സൈക്കിളും എല്ലാവർക്കും ഇല്ലാത്തതിനാൽ തനിക്കും അതൊന്നും വാങ്ങിത്തന്നിരുന്നില്ല. മറ്റുള്ള കുട്ടികൾക്ക് ഇല്ലാത്ത സൗകര്യങ്ങൾ തനിക്ക് മാത്രമായി വേണ്ടെന്നായിരുന്നു വീട്ടുകാരുടെ നിലപാടെന്നും അദ്ദേഹം ഓർത്തെടുത്തു.
പനങ്ങാട് സ്കൂളിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കവെയാണ് വി.ഡി. സതീശൻ തന്റെ സ്കൂൾ കാലത്തെ രസകരമായ ഈ ഓർമ പങ്കുവെച്ചത്.
നടന്ന് സ്കൂളിലേക്ക് പോകുന്നതിനിടെ സൈക്കിളിൽ പോകുന്ന സുഹൃത്തിനെക്കുറിച്ചുള്ള രസകരമായ സംഭവവും അദ്ദേഹം പറഞ്ഞു. കൂട്ടുകാരുമായി ചേർന്ന് സൈക്കിളിന്റെ കാറ്റഴിച്ചുവിട്ടതടക്കമുള്ള കാര്യങ്ങൾ അന്നത്തെ തമാശകളായിരുന്നുവെന്നും സതീശൻ പറഞ്ഞു.
സ്കൂൾ കാലത്തെ മറ്റൊരു പ്രധാന ഓർമ മാങ്ങയ്ക്ക് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ടതാണ്. വഴിയരികിലെ മാവുകളിൽ നിന്ന് മാങ്ങ പറിക്കാൻ കൂട്ടുകാർ കല്ലെറിയാറുണ്ടായിരുന്നു. ‘എല്ലാവരും മാങ്ങയ്ക്കാണ് കല്ലെറിഞ്ഞിരുന്നത്. എന്നാൽ താൻ മാങ്കുലയുടെ ഞെട്ടിനാണ് ഉന്നം വെച്ചിരുന്നത്’ എന്നായിരുന്നു സതീശന്റെ രസകരമായ ഓർമ.
‘നല്ല ഉന്നമുണ്ടായിരുന്നു. ഇപ്പോഴും ആ ഉന്നമാണ് എന്നെ രാഷ്ട്രീയത്തിൽ പിടിച്ചുനിർത്തുന്നത്’ എന്നും അദ്ദേഹം തമാശയായി പറഞ്ഞു. സ്കൂൾകാലത്ത് നിരവധി സാധാരണക്കാരുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെയും കുട്ടികൾക്കൊപ്പമാണ് പഠിച്ചതെന്നും സതീശൻ പറഞ്ഞു. ചിലർക്ക് ഉച്ചഭക്ഷണം കൊണ്ടുവരാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഭക്ഷണം കൊണ്ടുവരാൻ കഴിയാത്തവരെയും ഭക്ഷണം കൊണ്ടുവരുന്നവരെയും വേർതിരിക്കാതെ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഈ അനുഭവങ്ങൾ ചെറുപ്പത്തിൽ തന്നെ സമൂഹത്തിലെ വ്യത്യസ്ത യാഥാർഥ്യങ്ങൾ മനസിലാക്കാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കുട്ടികളുടെ വളർച്ചയെക്കുറിച്ചും സതീശൻ സംസാരിച്ചു. കുട്ടികൾക്ക് പഠനത്തിനൊപ്പം കളിക്കാനും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും അവസരം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ‘കുട്ടികളെ കളിക്കാൻ വിടണം. സുഹൃത്തുക്കളോടൊപ്പം കൂടാനും അവസരം നൽകണം. മുഴുവൻ സമയവും പഠിപ്പിച്ചുകൊണ്ടിരുന്നാൽ മാത്രം അവർ വളരണമെന്നില്ല. കുട്ടികൾ സ്വതന്ത്രരാകണം. ശരീരവും കൈകാലുകളും അനങ്ങണം. ഓടിയും ചാടിയും കളിക്കാൻ അവസരം ലഭിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. സ്കൂൾകാലത്ത് സുഹൃത്തുക്കളുമായി സിനിമകളുടെയും പുസ്തകങ്ങളുടെയും വിശേഷങ്ങൾ പങ്കുവെച്ചിരുന്നതും അദ്ദേഹം ഓർത്തെടുത്തു. എല്ലാവർക്കും സിനിമയ്ക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഒരാൾ സിനിമ കണ്ട ശേഷം അതിന്റെ കഥ മറ്റുള്ളവരോട് വിശദമായി പറഞ്ഞുനൽകുന്നതും പിന്നീട് പുസ്തകങ്ങൾ പരസ്പരം കൈമാറി വായിച്ചതുമെല്ലാം ആ കാലത്തെ സൗഹൃദത്തിന്റെ ഭാഗമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
കുട്ടികളോട് മുതിർന്നവർക്ക് എപ്പോഴും സൗഹൃദപരമായ സമീപനം വേണമെന്നും അവരെ മക്കളെയും സഹോദരങ്ങളെയും പോലെ കാണണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരോടും മുതിർന്നവരോടും സ്വാതന്ത്ര്യത്തോടെ സമീപിക്കാവുന്ന അന്തരീക്ഷമാണ് കുട്ടികൾക്ക് ആവശ്യമെന്നും സതീശൻ കൂട്ടിച്ചേർത്തു