Image

കല്യാണം കഴിഞ്ഞിട്ടും സദ്യ എത്തിയില്ല, ബുക്കുചെയ്തിരുന്നത് 400 ആളുകൾക്കുള്ള സദ്യ; ഫോൺ എടുക്കാതെ കാറ്ററിങ് സംഘം, നെട്ടോട്ടമോടി പെൺ വീട്ടുകാർ

Published on 14 September, 2026
കല്യാണം   കഴിഞ്ഞിട്ടും സദ്യ എത്തിയില്ല, ബുക്കുചെയ്തിരുന്നത് 400 ആളുകൾക്കുള്ള സദ്യ; ഫോൺ എടുക്കാതെ കാറ്ററിങ് സംഘം, നെട്ടോട്ടമോടി പെൺ വീട്ടുകാർ

കോട്ടയം: വിവാഹ സദ്യയുടെ ഓർഡർ എടുത്ത് ലക്ഷങ്ങൾ വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ കാറ്ററിങ് സംഘം. കോട്ടയത്തെ രണ്ട് കല്യാണങ്ങളാണ് കാറ്ററിങ് സംഘം അലങ്കോലമാക്കിയത്. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായാണ് വിവാഹം നടത്തത്. ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താത്തതിനെ തുടർന്ന് സമീപത്തെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണമെത്തിച്ചാണ് വധുവിന്‍റെ വീട്ടുകാർ അതിഥികൾക്ക് വിളമ്പിയത്. 

കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിങ് സ്ഥാപനത്തിനെതിരേ ഇരു വീട്ടുകാരും പൊലീസിൽ പരാതി നൽകി.

ചോറ്റി മഹാചോറ്റി മഹാദേവ ക്ഷേത്രത്തിൽ ശനിയാഴ്ച നടന്ന വിവാഹത്തിലാണ് സംഭവം. പനയ്ക്കച്ചിറ സ്വദേശിനിയായ യുവതിയുടെ വിവാഹത്തിനായി 1.40 ലക്ഷം രൂപ നൽകി 400 ആളുകൾക്കുള്ള സദ്യ ബുക്കുചെയ്തിരുന്നു. വിവാഹത്തലേന്നത്തെ ഭക്ഷണത്തിന്റെ ഓർഡറും ഇവർക്കായിരുന്നു. തലേ ദിവസത്തെ ഭക്ഷണം വീട്ടിൽ എത്തിച്ചിരുന്നു. 

എന്നാൽ ചോറ്റിയിലെ വിവാഹച്ചടങ്ങിൽ കുടിവെള്ളം പോലും ഒരുക്കിയിരുന്നില്ല.ഇതേത്തുടർന്ന് കേറ്ററിങ് സംഘത്തെ വിളിച്ചെങ്കിലും ഉടനെ എത്തുമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ഉച്ചയായിട്ടും ഭക്ഷണം എത്താതിരുന്നതിനെത്തുടർന്ന് വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കോൾ എടുക്കാതെയായി.

ഉച്ചഭക്ഷണതിന്‍റെ തിരക്കിലായതിനാൽ ഹോട്ടലിൽനിന്നും ഭക്ഷണം കിട്ടുവാനും ബുദ്ധിമുട്ടി. പിന്നീട് വിവിധ ഹോട്ടലിൽനിന്നായി ഭക്ഷണം ക്രമീകരിച്ച് അതിഥികൾക്ക് നൽകുകയായിരുന്നു. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിങ് സ്ഥാപനത്തിനെതിരേയും പണം കൈപ്പറ്റിയ വിഷ്ണുവിനെതിരേയും ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

കഞ്ഞിക്കുഴി സ്വദേശിയായ യുവതിയുടെ വിവാഹത്തിനു ഭക്ഷണം, സ്റ്റേജ് തുടങ്ങിയ കാര്യങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ കരാറാണ് നൽകിയത്. ഇതിൽ സ്റ്റേജ് സൗണ്ട് തുടങ്ങിയ കാര്യങ്ങൾ കരാറുകാർ തന്നെ മറ്റൊരാളെ ഏൽപിച്ചിരുന്നു. വെൽക്കം ഡ്രിങ്ക് ഉൾപ്പെടെ ഭക്ഷണം എത്താതിരുന്നതോടെ ഇവരുമായി ബന്ധപ്പെട്ടപ്പോൾ, ഈരാറ്റുപേട്ടയിൽനിന്നു ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തിൽപെട്ടുവെന്നും മറ്റൊരു വാഹനത്തിൽ ഉടൻ എത്തുമെന്നും അറിയിച്ചു. പിന്നീട് വിളിച്ചപ്പോൾ ഭക്ഷണം പാകം ചെയ്തില്ലെന്നും എത്തിക്കാൻ കഴിയില്ലെന്നുമാണ് പറഞ്ഞത്. കോട്ടയം ഈസ്റ്റ് പൊലീസിൽ വീട്ടുകാർ പരാതി നൽകി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക