Image

ഇ എ ഡി നീട്ടുന്നത് നിർത്തലാക്കിയ സർക്കാർ ഉത്തരവ് കോടതി 7 പരാതിക്കാർക്കായി സ്റ്റേ ചെയ്തു (പിപിഎം)

Published on 14 September, 2026
ഇ എ ഡി  നീട്ടുന്നത് നിർത്തലാക്കിയ സർക്കാർ ഉത്തരവ് കോടതി 7 പരാതിക്കാർക്കായി സ്റ്റേ ചെയ്തു (പിപിഎം)

എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ രേഖകൾക്കു (ഇ എ ഡി) ഓട്ടോമാറ്റിക്കായി എക്സ്‌റ്റെൻഷൻ നൽകുന്നത് അവസാനിപ്പിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് കാലിഫോർണിയ സെൻട്രൽ ഡിസ്‌ട്രിക്‌ട് കോടതി താത്കാലികമായി സ്റ്റേ ചെയ്തു. എന്നാൽ ഉത്തരവിനെതിരെ കോടതിയിൽ പോയ എച്-4 വിസ ഉള്ള ഏഴു പേർക്കു മാത്രമേ ഉത്തരവിന്റെ പ്രയോജനം ലഭിക്കൂ.

ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ അവസാനിപ്പിക്കും മുൻപ് എടുക്കേണ്ട നടപടിക്രമങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡി എച് എസ്) പാലിച്ചിട്ടില്ലെന്നു കോടതി കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ അറിയിച്ചു.

നോട്ടീസ് നൽകി പ്രതികരണം ശേഖരിക്കുക എന്ന നടപടിക്രമം പാലിക്കാതിരുന്നതിനു സർക്കാർ കൊണ്ടുവന്ന ന്യായങ്ങൾ ജഡ്ജ് ഡേവിഡ് ഓ. കാർട്ടർ തള്ളി. ദേശരക്ഷയുടെ ന്യായങ്ങളാണ് ഡി എച് എസ് കൊണ്ടുവന്നത്. എക്സ്റ്റൻഷൻ നൽകിയാൽ വേണ്ടത്ര പരിശോധനകൾ കൂടാതെ ആളുകൾക്കു തുടർന്നും ജോലി ചെയ്യാൻ കഴിയുമെന്നു ഡി എച് എസ് വാദിച്ചിരുന്നു. ആ വാദത്തിനു പിൻബലം നൽകാൻ അവർക്കു കഴിഞ്ഞില്ലെന്നു ജഡ്ജ് പറഞ്ഞു. 

പരിശോധന നടത്താൻ മതിയായ സംവിധാനങ്ങൾ ഉണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. എച്-4 വിസയിൽ ഇ എ ഡി ആവശ്യമുള്ള വ്യക്തികളുടെയോ കുടുംബങ്ങളുടെയോ തൊഴിൽ ഉടമകളുടെയോ മേൽ അതിനുണ്ടാവുന്ന പ്രത്യാഘാതങ്ങൾ അവർ പരിഗണിച്ചുമില്ല.

ഹർജിക്കാരുടെ അഭിഭാഷകൻ ജോനാഥൻ വാട്സൺ പറഞ്ഞു: "കോടതി വിധിയുടെ അർഥം സർക്കാർ കൊണ്ടുവരുമെന്നു മാസങ്ങളായി പറഞ്ഞു വന്ന അന്തിമ ചട്ടം ചാപിള്ളയാണെന്നാണ്."

അതേ സമയം, കോടതി വിധിക്കു ദേശീയ തലത്തിൽ പ്രസക്തിയില്ല. കാരണം പരാതി നൽകിയവർക്കല്ലാതെ മറ്റാർക്കും അതിന്റെ പ്രയോജനം ലഭിക്കില്ല.

എച്-4 ഇ എ ഡി ഉള്ളവരിൽ പലരും എച്-1 ബി പ്രഫഷനലുകളുടെ പങ്കാളികളാണ്. അവർ പ്രത്യേകമായി കോടതിയിൽ പോയാൽ മാത്രമേ മെച്ചം കിട്ടൂ.

ഇന്ത്യക്കാരായ 100,000 പേർ എച്-4 ഇ എ ഡി ലഭിച്ചവരാണ്. അതിലധികവും സ്ത്രീകളും.

2016ൽ കൊണ്ടുവന്ന ചട്ടം അനുസരിച്ചു ഇ എ ഡി കാലാവധി കഴിഞ്ഞാലും അത് പുതുക്കുന്നതു വരെ  180 ദിവസം ജോലി ചെയ്യാം. 2022ൽ യുഎസ് സി ഐ എസ് അത് 540 ദിവസമാക്കി. 2025 ജനുവരി മുതൽ സ്ഥിരമാക്കുകയും ചെയ്തു.

എന്നാൽ ട്രംപിന്റെ രണ്ടാം വരവോടെ 2025 ഒക്ടോബറിൽ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ അവസാനിപ്പിച്ചു.

US court stays Trump order ending automatic EAD extensions

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക