
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു തന്റെ പിൻഗാമിയായി വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ അംഗീകരിക്കാൻ സമയമായില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അയർലൻഡിൽ ഷാനനിൽ നിന്നു വിമാനം കയറും മുൻപ് മാധ്യമങ്ങളോടു സംസാരിക്കയായിരുന്നു ട്രംപ്.
2028ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി വാൻസിനെ പിന്തുണയ്ക്കുമോ എന്നു ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു: "ഇപ്പോൾ അതു പറയാൻ ആവില്ല. അത് വളരെ നേരത്തെയാവും. അദ്ദേഹം സൂപ്പറാണ്. പക്ഷെ നമുക്ക് ഒട്ടേറെപ്പേർ രംഗത്തുണ്ട്."
ആവർത്തിച്ചു ചോദിച്ചിട്ടും ട്രംപ് കൃത്യമായ മറുപടി നൽകിയില്ല.
ഓഗസ്റ്റിൽ ഓവൽ ഓഫിസിൽ ഡോണർമാരോടു ട്രംപ് ഇങ്ങിനെ പറഞ്ഞുവെന്നു വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു: "നമുക്ക് ജെ ഡിയെ തിരഞ്ഞെടുക്കണം."
സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയും ട്രംപിന്റെ മനസിലുണ്ടെന്നു ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതേ സമയം, മാഗാ നേതൃത്വം ഏറ്റെടുക്കുന്നത് വാൻസ് ആയിരിക്കുമെന്നു ട്രംപിന്റെ ഒരു ഉപദേഷ്ടാവ് പറഞ്ഞിരുന്നു താനും.
എന്തായാലും ട്രംപിന്റെ തീരുമാനത്തെ സ്വാധീനിക്കുന്നത് നവംബർ 3 തിരഞ്ഞെടുപ്പ് ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. മത്സരിക്കുന്ന കാര്യം തിരഞ്ഞെടുപ്പ് കഴിഞ്ഞു തീരുമാനിക്കാം എന്നാണ് വാൻസിന്റെ നിലപാട്.
റുബിയോ ആവട്ടെ, 2028 ചർച്ച ചെയ്യാൻ ഇനിയും തയാറായിട്ടില്ല. വാൻസിന്റെ വി പി ആയി റുബിയോ മത്സരിക്കാൻ തയ്യാറാവുമോ എന്ന ചോദ്യവുമുണ്ട്.
Trump not ready yet to endorse VP