
ഒസാമ ബിൻ ലാദനെ പിടികൂടാനോ വധിക്കാനോ താൻ സി ഐ എക്കു നിർദേശം നൽകിയിരുന്നുവെന്നു മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ വ്യക്തമാക്കി. 9/11 ആക്രമണത്തിനു മുൻപ് യുഎസിൽ അൽ ഖൈദ ആക്രമണം നടത്തുമെന്ന താക്കീതു ക്ലിന്റൺ ഗൗരവമായി എടുത്തില്ലെന്ന ആരോപണത്തെ തുടർന്നായിരുന്നു ഈ പ്രതികരണം.
9/11 ഭീകരാക്രമണത്തിന്റെ 25ആം വാർഷികത്തിൽ ട്രംപ് ഭരണകൂടം പുറത്തു വിട്ട രഹസ്യ രേഖകളാണ് ആരോപണത്തിനു കാരണമായത്. "ബിൻ ലാദനെ ലക്‌ഷ്യം വച്ചുള്ള നീക്കം പാളിയാൽ നിരവധി സിവിലിയന്മാർ കൊല്ലപ്പെടുമെന്നു സി ഐ എയ്ക്കു ആശങ്കയുണ്ടായി. അതു കൊണ്ടാണ് അവർ ആ നീക്കം മാറ്റിവച്ചത്," ക്ലിന്റൺ പറഞ്ഞു.
ആക്രമണം ആരംഭിച്ചതു ഓസ്‌ട്രേലിയയിൽ വച്ച് ടി വിയിൽ കണ്ടയുടൻ അതിനു പിന്നിൽ ബിൻ ലാദനാണ് ഉള്ളതെന്നു തനിക്കു വ്യക്തമായെന്നു ക്ലിന്റൺ പറഞ്ഞു. "ഹിലരി അന്നു വാഷിംഗ്ടണിൽ ആയിരുന്നു. മകൾ ചെൽസി മൻഹാട്ടനിലും. അവളെ കുറിച്ചു ഞങ്ങൾക്കു വലിയ ആശങ്ക ഉണ്ടായി. ബന്ധപ്പെടാനും ബുദ്ധിമുട്ടായിരുന്നു."
ധാരാളം പണവും കാര്യശേഷിയുമുള്ള ബിൻ ലാദൻ ആലോചിച്ച കാര്യം പ്രവർത്തിക്കുമെന്നു തനിക്കു ഉറപ്പായിരുന്നുവെന്നു ക്ലിന്റൺ പറഞ്ഞു. "അയാളെ പിടിക്കാൻ നമ്മൾ കൂടുതൽ പ്രവർത്തിക്കേണ്ടതായിരുന്നു. എന്നെക്കൊണ്ട് കഴിയുന്നതു ഞാൻ ചെയ്തു."
ഇത്തരമൊരു ആക്രമണം നടത്താൻ കഴിയുന്നതു പിന്നീട് ഇറാനു മാത്രമായിരുന്നു എന്നു ക്ലിന്റൺ ചൂണ്ടിക്കാട്ടി. പക്ഷെ അവർ അതിനു ശ്രമിക്കാത്തത് യുഎസ് അവരെ തീർത്തു കളയുമെന്ന് അറിയാവുന്നതു കൊണ്ടായിരുന്നു.
"ബിൻ ലാദൻ അഫ്‌ഗാനിസ്ഥാനിൽ ഗുഹയിൽ ആയിരുന്നു. അയാൾ ആക്രമണത്തിനു ഉറച്ചായിരുന്നു എന്നു വ്യക്തം."
ബരാക്ക് ഒബാമ പ്രസിഡന്റ് ആയിരിക്കെ 2011 മെയ് 2നു പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ഒളിവിലായിരുന്ന ബിൻ ലാദനെ യുഎസ് നേവി പോരാളികളാണ് വധിച്ചത്.
ന്യൂ യോർക്കിനു നേരെ വീണ്ടും ആക്രമണം ഉണ്ടാകാം എന്നു ക്ലിന്റൺ പറഞ്ഞു. "എന്നാൽ ഇപ്പോൾ നമുക്ക് മെച്ചപ്പെട്ട തയാറെടുപ്പുണ്ട്."
Clinton says he had asked CIA to get Bin Laden