
ന്യൂഡൽഹി: ഒമാൻ തീരത്ത് പനാമ പതാകയേന്തിയ എണ്ണക്കപ്പലായ എം.ടി എൽ ഗായയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 ഇന്ത്യക്കാർ രക്ഷപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ ഒരാളെ കാണാതായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായ ഇന്ത്യക്കാരനായി തിരച്ചിൽ തുടരുകയാണ്. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തു.
ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ പിന്തുണ നൽകിയ ഒമാൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഒമാൻ അധികൃതരുമായി സഹകരിച്ച് കാണാതായയാൾക്കായുള്ള തിരച്ചിലും ഏകോപിപ്പിക്കുന്നുണ്ട്. മേഖലയിൽ തുടരുന്ന സംഘർഷങ്ങൾക്ക് ഉടൻ അയവുവരുത്തണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടലുകൾ ഉണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.…
വ്യാപാരാവശ്യങ്ങൾക്കുള്ള കപ്പലുകൾ, നാവികർ, സാധാരണക്കാർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.