Image

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കേരളത്തിൽ ഊഷ്‌മള സ്വീകരണം

Published on 13 September, 2026
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്  കേരളത്തിൽ  ഊഷ്‌മള സ്വീകരണം

മലപ്പുറം: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കേരളത്തിൽ. ഊഷ്‌മള സ്വീകരണം നൽകി സർക്കാർ. കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിലാണ് അദ്ദേഹത്തിന് സ്വീകരണം നൽകിയത്.

കൃഷി മന്ത്രി ശ്രീ. ടി. സിദ്ദിഖ്, മലപ്പുറം ലോക്‌സഭാ മണ്ഡലം അംഗം ശ്രീ ഇടി മുഹമ്മദ് ബഷീർ, കൊണ്ടോട്ടി നിയമസഭാ മണ്ഡലം അംഗം ശ്രീ അഷ്റഫ് അലി, കേരള സർക്കാർ ചീഫ് സെക്രട്ടറി ശ്രീ. ബിശ്വനാഥ് സിൻഹ ഐഎഎസ്, മലപ്പുറം ജില്ലാ കലക്‌ടർ ഡോ. വിനയ് ഗോയൽ ഐഎഎസ്, മലപ്പുറം ജില്ലാ പോലീസ് മേധാവി ഡോ. ചൈത്ര തെരേസ ജോൺ ഐപിഎസ്, വിദേശകാര്യ മന്ത്രാലയ പ്രതിനിധി ശ്രീ വിജയ് കുമാർ ഐഎഫ്എസ്, കേരള സർക്കാർ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ശ്രീ അരവിന്ദ് ബിഎസ് എന്നിവരാണ് സ്വീകരണ നിരയിലുള്ളത്.

18-ാമത് ബ്രിക്‌സ്‌ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അൻവർ ഇബ്രാഹിമും ഉഭയകക്ഷി ചർച്ച നടത്തി. ഇന്ത്യ മലേഷ്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടറുകൾ, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഊർജം, ഫിൻടെക്, വിദ്യാഭ്യാസം, ടൂറിസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന്‍റെ പുരോഗതിയും നേതാക്കൾ വിലയിരുത്തി. 2026 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി നടത്തിയ മലേഷ്യൻ സന്ദർശനത്തിൻ്റെ ഫലങ്ങളും ചർച്ചയിൽ അവലോകനം ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക