
ഗുരുവായൂർ: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ കെ പവൻകല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു പുലർച്ചെയായിരുന്നു പവൻ കല്യാണിന്റെ ക്ഷേത്ര ദർശനം. ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാൽ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഉപമുഖ്യമന്ത്രിയെയും സംഘത്തെയും ക്ഷേത്രത്തിലേക്ക് ആനയിച്ചു. നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ അദ്ദേഹം തൊഴുത് പ്രാർത്ഥിച്ചു പ്രസാദങ്ങൾ അദ്ദേഹം ഏറ്റുവാങ്ങി
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു പിന്നാലെ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലും പവൻ കല്യാൺ ദർശനം നടത്തി. ഇവിടെയും പ്രത്യേക പൂജകൾ നടത്തി.
ശനിയാഴ്ച പുലർച്ചെ നടന്ന നിർമാല്യ ദർശനത്തിൽ പവൻ പങ്കെടുത്തു. ഏകദേശം 30 മിനിറ്റോളം ചടങ്ങുകളിൽ പങ്കെടുത്തു. ഭഗവാന് പരമ്പരാഗത പട്ടു വസ്ത്രങ്ങൾ സമർപ്പിച്ച് തൊഴുകയും ചെയ്തു. തൈലാഭിഷേകം, ശംഖാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പ്രത്യേക വഴിപാടുകളുടെ വിവരങ്ങൾ പൂജാരിമാർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.
ക്ഷേത്രത്തിലെ ഉപദേവതമാരെയും പവൻ കല്യാൺ ദർശിച്ചു. ഗണപതി, ആഞ്ജനേയ സ്വാമി, അനന്തപത്മനാഭ സ്വാമി, അയ്യപ്പ സ്വാമി എന്നീ ദേവതകളെയും തൊഴുത് പ്രാർത്ഥിച്ചു. മമ്മിയൂർ ശിവക്ഷേത്രത്തിലെത്തിയപ്പോൾ മലബാർ ദേവസ്വം ബോർഡ് ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ചേർന്നാണ് സ്വീകരിച്ചത്. മമ്മിയൂരിൽ പാർവ്വതീ - പരമേശ്വരന്മാർ, മഹാവിഷ്ണു, വിനായകൻ, സുബ്രഹ്മണ്യസ്വാമി, അയ്യപ്പൻ, ഭഗവതി, നാഗ ദൈവങ്ങൾ എന്നീ ദേവതകൾക്കായി പ്രത്യേക അർച്ചനകളും പൂജകളും നടത്തി.