Image

ടിപിയുടെ കൊലപാതകം ഏറ്റുപറയാൻ സിപിഎമ്മിന് രാഷ്ട്രീയ സത്യസന്ധതയുണ്ടോ?; അതിരൂക്ഷ വിമർശനവുമായി കെ കെ രമ

Published on 13 September, 2026
ടിപിയുടെ കൊലപാതകം ഏറ്റുപറയാൻ സിപിഎമ്മിന് രാഷ്ട്രീയ സത്യസന്ധതയുണ്ടോ?; അതിരൂക്ഷ  വിമർശനവുമായി  കെ കെ രമ

കോഴിക്കോട്: സിപിഎം നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമ. പാർട്ടി നേരിട്ട നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാപരമായ വീഴ്‌ചകളും പരിശോധിക്കാനും തിരുത്തൽ നടപടികൾ സ്വീകരിക്കാനുമായി സിപിഎം എക്സ്റ്റൻഡഡ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട്ട് നടക്കവേയാണ് കെകെ രമയുടെ പ്രതികരണം.

തൻ്റെ ഭർത്താവും ആർഎംപി സ്ഥാപക നേതാവുമായ ടി പി ചന്ദ്രശേഖരനെ മൃഗീയമായി കൊലപ്പെടുത്തിയത് "തിരുത്താനാകാത്ത വലിയൊരു തെറ്റാണെന്ന്" ജനങ്ങൾക്ക് മുന്നിൽ ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത സിപിഎമ്മിനുണ്ടോ എന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രമ പരസ്യമായി ചോദിച്ചു.

സിപിഎമ്മിൻ്റെ ആർഎംഎസ് ഹാളിൽ ആരംഭിച്ച മൂന്ന് ദിവസത്തെ എക്സ്റ്റൻഡഡ് സംസ്ഥാന കമ്മിറ്റി യോഗത്തെ ലക്ഷ്യമിട്ടായിരുന്നു രമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാർട്ടി നേതൃത്വത്തിൻ്റെ നൂറുകണക്കിന് രാഷ്ട്രീയ, സംഘടനാപരമായ തെറ്റുകൾ തിരുത്താനെന്ന പേരിൽ വലിയ കൊട്ടിഘോഷത്തോടെയാണ് കോഴിക്കോട്ട് ഈ യോഗം വിളിച്ചുചേർത്തിരിക്കുന്നതെന്ന് അവർ പരിഹസിച്ചു.

"ധീരനായ കമ്മ്യൂണിസ്റ്റായിരുന്നു ടി പി ചന്ദ്രശേഖരൻ. പാർട്ടി നേതൃത്വത്തിൻ്റെ അഴിമതിക്കും വഞ്ചനയ്ക്കുമെതിരെ വി എസ് അച്യുതാനന്ദനും എം എൻ. വിജയനും നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളെ പിന്തുണച്ചതിനും നേതൃത്വത്തിൻ്റെ തെറ്റുകളിലേക്ക് വിരൽചൂണ്ടിയതിനുമാണ് അദ്ദേഹത്തെ കോഴിക്കോട് മണ്ണിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. ആ ക്രൂരകൃത്യം വലിയൊരു തെറ്റായി അംഗീകരിക്കാൻ ഇനിയെങ്കിലും നേതാക്കൾ 

മുൻ സിപിഎം നേതാവായിരുന്ന ടി പി ചന്ദ്രശേഖരൻ പാർട്ടി നേതൃത്വവുമായി ആശയപരമായി തെറ്റിപ്പിരിഞ്ഞാണ് വിപ്ലവകാരികളായ സഖാക്കളെ കൂട്ടി റെവല്യൂഷനറി മാർക്‌സിസ്റ്റ് പാർട്ടി (ആർഎംപി) രൂപീകരിച്ചത്. തുടർന്ന് 2012 മേയ് മാസത്തിലാണ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചന്ദ്രശേഖരനെ സിപിഎം പ്രവർത്തകരും ഗുണ്ടാസംഘവും ചേർന്ന് അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്.

ചന്ദ്രശേഖരൻ്റെ രക്തസാക്ഷിത്വത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ കെകെ രമ, യുഡിഎഫ് പിന്തുണയോടെ വടകര മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് ശേഷം പാർട്ടി താഴെത്തട്ട് മുതൽ അണികളെയും ജനങ്ങളെയും കേട്ട് തിരുത്തലിന് ശ്രമിക്കുമ്പോൾ, ടിപി വധം പോലുള്ള രാഷ്ട്രീയ അക്രമങ്ങളെ പാർട്ടി എങ്ങനെ കാണുന്നു എന്ന ചോദ്യമാണ് ഇപ്പോൾ വീണ്ടും ഉയർന്നു വന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക