
ന്യൂഡൽഹി: ആധുനിക സാങ്കേതികവിദ്യകളെയും നിർണായക ധാതുക്കളെയും (Critical Minerals) ആയുധങ്ങളാക്കി മാറ്റുന്ന പ്രവണതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിന പ്ലീനറി സെഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വേദിയിലിരിക്കെയായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക പ്രസ്താവന. ഇത്തരം നയങ്ങൾ ആഗോള പുരോഗതിയെ തകിടംമറിക്കുമെന്നും വിതരണ ശൃംഖലയെ ബാധിക്കുന്ന നീക്കങ്ങളുടെ അപകടങ്ങൾ ബ്രിക്സ് രാജ്യങ്ങൾ ഗൗരവമായി തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത് ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങിനിൽക്കില്ലെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. വർധിച്ചുവരുന്ന സംഘർഷങ്ങൾ, പകർച്ചവ്യാധികൾ, കാലാവസ്ഥാ ദുരന്തങ്ങൾ എന്നിവ സാധാരണക്കാരുടെ നിത്യജീവിതത്തെയാണ് സാരമായി ബാധിക്കുന്നത്. ആഗോള ആരോഗ്യസുരക്ഷ മുൻനിർത്തി, ഭാവിയിലെ മഹാമാരികളെ മുൻകൂട്ടി പ്രതിരോധിക്കുന്നതിനായി 'ബ്രിക്‌സ് ഇന്റഗ്രേറ്റഡ് ഏർലി വാണിങ് സിസ്റ്റം' നടപ്പാക്കാൻ ഉച്ചകോടിയിൽ ധാരണയായതായും ഇതിനായുള്ള ഡേറ്റ ഇന്റഗ്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറായതായും അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ത്യയുടെ അധ്യക്ഷതയിൽ ചേരുന്ന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ തുടങ്ങിയ പ്രമുഖ ലോകനേതാക്കൾ പങ്കെടുത്തു. പ്രതിരോധം, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ നാല് അടിസ്ഥാന തത്ത്വങ്ങൾക്ക് മുൻഗണന നൽകിയാണ് ഇത്തവണത്തെ ഉച്ചകോടി പുരോഗമിക്കുന്നത്.