
കോഴിക്കോട്: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ നിർണായക തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന വ്യക്തമായ സൂചന നൽകി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കോഴിക്കോട്ട് ആരംഭിച്ച സിപിഎം വിശാല സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യവേ, ജനങ്ങളിൽ നിന്നുണ്ടായ അകൽച്ചയും സംഘടനയ്ക്കുണ്ടായ വീഴ്ചകളും അദ്ദേഹം തുറന്നുസമ്മതിച്ചു. ജനങ്ങളിൽ നിന്നാണ് പാർട്ടി വളർന്നതെന്നും, ജനങ്ങളിലേക്ക് തിരികെപ്പോകാനും തെറ്റുകൾ തിരുത്തി മുന്നേറാനും പ്രസ്ഥാനം പൂർണ സജ്ജമാണെന്നും അദ്ദേഹം അണികളെ ഓർമ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച വിശദമായ അവലോകന റിപ്പോർട്ട് ചർച്ച ചെയ്യാനാണ് മൂന്നുദിവസത്തെ പ്രത്യേക യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
സിപിഎമ്മിനെതിരെയുള്ള വ്യാജനിർമ്മിതികൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും എം.എ. ബേബി വിമർശിച്ചു. 1958–59 ലെ വിമോചന സമര കാലഘട്ടത്തിലാണ് ഇത്തരത്തിലുള്ള നുണപ്രചാരണങ്ങൾക്ക് തുടക്കമായത്. കുടിയൊഴിപ്പിക്കൽ നിരോധിച്ചും പുതിയ പോലീസ് നയം നടപ്പിലാക്കിയും പാവപ്പെട്ടവർക്കായി വിദ്യാഭ്യാസ പരിഷ്കാരങ്ങൾ കൊണ്ടുവന്നും യഥാർത്ഥത്തിൽ ഇ.എം.എസ്. സർക്കാരാണ് ജനങ്ങളെ വിമോചിപ്പിക്കാനുള്ള സമരം നയിച്ചത്. എന്നാൽ ഭൂപ്രഭുക്കന്മാരും പ്രതിലോമ ശക്തികളും അമേരിക്കൻ സിഐഎയുടെ പണവും ചേർത്തുവെച്ച് അതിനെതിരെ അണിനിരക്കുകയാണുണ്ടായത്. കേരളത്തെ ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയ നേട്ടങ്ങളെല്ലാം ഇടതുപക്ഷത്തിന്റെ പോരാട്ടങ്ങളിലൂടെ രൂപപ്പെട്ടതാണെന്ന് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തിയതോടെയാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് തുടക്കമായത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനും ജനസ്വാധീനം വീണ്ടെടുക്കാനുമുള്ള ഭാവി കർമ്മപദ്ധതികൾ യോഗം വിശദമായി ആവിഷ്കരിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ–ബഹുജന സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ മുന്നൂറിലേറെ പ്രതിനിധികളാണ് മൂന്നുദിവസത്തെ ഈ നിർണായക ക്യാമ്പിൽ പങ്കെടുക്കുന്നത്.