Image

മലേഷ്യൻ പ്രധാനമന്ത്രിയുടെ കോഴിക്കോട് സന്ദർശനം; നാളെ വൈകിട്ട് മുതൽ ജില്ലയിൽ കർശന ഗതാഗത നിയന്ത്രണം

Published on 12 September, 2026
മലേഷ്യൻ പ്രധാനമന്ത്രിയുടെ കോഴിക്കോട് സന്ദർശനം; നാളെ വൈകിട്ട് മുതൽ ജില്ലയിൽ കർശന ഗതാഗത നിയന്ത്രണം

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ കോഴിക്കോട് സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ നാളെ (സെപ്റ്റംബർ13) വൈകിട്ട് അഞ്ചു മുതൽ പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് അഞ്ചു മണി മുതൽ വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലപ്പറമ്പ് വരെയുള്ള പ്രദേശങ്ങളിലും, മലപ്പറമ്പ് മുതൽ കുന്ദമംഗലം – മടവൂർ വരെയുള്ള പാതകളിലും പൂർണ്ണമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി വാഹനങ്ങൾക്കായി വിവിധ ബദൽ പാതകൾ സജ്ജീകരിച്ചിട്ടുണ്ട്. വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ താമരശ്ശേരി, ബാലുശ്ശേരി വഴിയും, കണ്ണൂർ ഭാഗത്തുനിന്നുള്ളവ എലത്തൂർ, പാവങ്ങാട് വഴിയും നഗരത്തിലേക്ക് പ്രവേശിക്കണം. മുക്കം, കൊടുവള്ളി ഭാഗങ്ങളിൽ നിന്നും കോഴിക്കോട് നഗരത്തിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾക്കായി പ്രത്യേക വഴിതിരിച്ചുവിടലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ യാത്രാതടസ്സങ്ങൾ ഒഴിവാക്കാൻ നേരത്തെ പുറപ്പെടാൻ ശ്രദ്ധിക്കണം.

നിശ്ചയിക്കപ്പെട്ട റൂട്ടുകളിൽ മലപ്പറമ്പ് മുതൽ കുന്ദമംഗലം – മടവൂർ വരെയുള്ള ഭാഗങ്ങളിൽ യാതൊരുവിധ വാഹന പാർക്കിംഗും അനുവദിക്കുന്നതല്ല. വി.വി.ഐ.പി കടന്നുപോകുന്ന സമയത്ത് ഈ റൂട്ടുകളിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചേക്കാമെന്നതിനാൽ പൊതുജനങ്ങൾ പൊലീസിന്റെ നിർദേശങ്ങൾ പൂർണ്ണമായി പാലിച്ച് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക