
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനുള്ള നൂതന പദ്ധതിക്ക് വയോജന ക്ഷേമ വകുപ്പ് തുടക്കം കുറിക്കുന്നു. രാജ്യത്ത് ആദ്യമായാണ് വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷന്‍ സംവിധാനം നടപ്പാക്കുന്നത്.
വില്ലേജ്, താലൂക്ക് ഓഫീസുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, ഗതാഗത കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ സര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കും. പൊതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നത്. നിശ്ചിത കാലയളവിനു ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് മുന്നറിയിപ്പില്ലാതെ പരിശോധനയുമുണ്ടാകും.
ഇന്ത്യയില്‍ ഏറ്റവുമധികം മുതിര്‍ന്ന പൗരന്മാരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രണ്ടു പതിറ്റാണ്ടിനുള്ളില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കൂടുമെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ വയോജന വകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇതുവരെ വ്യക്തമായൊരു സംവിധാനമുണ്ടായിരുന്നില്ല. നീണ്ട ക്യൂ, കൈവരിയില്ലാത്ത പടികള്‍, ചെറിയ അക്ഷരത്തിലുള്ള അപേക്ഷാ ഫോമുകള്‍, ഗോവണി കയറി എത്തേണ്ട കൗണ്ടറുകള്‍ എന്നിവയെല്ലാം പലപ്പോഴും പ്രശ്‌നമാകാറുണ്ട്. ഇതൊക്കെ പരിഹരിക്കുന്നതിനാണ് സര്‍ട്ടിഫിക്കേഷന്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.