
കൊല്ലം: പുനലൂരിലെ പത്മ കഫേ ഉദ്ഘാടന ചടങ്ങിൽ നിന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിട്ടുനിന്നു. സുകുമാരൻ നായർക്ക് പകരം എൻ.എസ്.എസ് രജിസ്ട്രാർ ഡോ. കെ.ബി. ജഗദീഷാണ് കഫേയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നിലനിൽക്കുന്ന തർക്കങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് സുകുമാരൻ നായരുടെ പിന്മാറ്റമെന്നാണ് സൂചന. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നതെന്നാണ് സംഘാടകരുടെ ഔദ്യോഗിക വിശദീകരണം.
താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്ന സമയത്ത് കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പത്മ കഫേയ്ക്കുള്ള കെട്ടിടം നിർമ്മിച്ചത്. എന്നാൽ ഉദ്ഘാടന ചടങ്ങിലേക്ക് ഗണേഷ് കുമാറിന് ക്ഷണം ലഭിച്ചിരുന്നില്ല. ചടങ്ങിന്റെ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും താൻ മുൻകൈയെടുത്ത് പൂർത്തിയാക്കിയ പദ്ധതി വൈകിയാണെങ്കിലും ഉദ്ഘാടനം ചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ വ്യാജ സാമ്പത്തിക ആരോപണങ്ങളും രാഷ്ട്രീയ ഗൂഢാലോചനകളും ഉന്നയിച്ചവർ ഇപ്പോൾ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്നും ഗണേഷ് കുമാർ വിമർശിച്ചു. അതേസമയം, പത്മ കഫേ യാഥാർത്ഥ്യമാക്കിയതിൽ ഗണേഷ് കുമാറിനെ അഭിനന്ദിച്ച് പ്രദേശത്ത് വിവിധയിടങ്ങളിൽ ഫ്ലെക്സുകൾ ഉയർന്നിട്ടുണ്ട്.