Image

കാൽ നൂറ്റാണ്ടിന്റെ വേദന മറക്കാതെ ന്യൂ യോർക്കിൽ നാലു മുൻ പ്രസിഡന്റുമാർ പങ്കെടുത്ത 9/11 ചടങ്ങ് നടത്തി (പിപിഎം)

Published on 12 September, 2026
കാൽ നൂറ്റാണ്ടിന്റെ വേദന മറക്കാതെ ന്യൂ യോർക്കിൽ നാലു മുൻ പ്രസിഡന്റുമാർ പങ്കെടുത്ത 9/11 ചടങ്ങ് നടത്തി (പിപിഎം)

കാൽ നൂറ്റാണ്ടു മുൻപ് സെപ്റ്റംബർ 11നു ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട 3,000ത്തോളം പേരുടെ ഓർമ പുതുക്കി വെള്ളിയാഴ്ച്ച അമേരിക്ക ആദരാഞ്ജലി അർപ്പിച്ചു. ന്യൂ യോർക്ക് വേൾഡ് ട്രേയ്ഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങൾ തകർത്ത അൽ ഖൈദ ആക്രമണത്തിൽ മരിച്ചവരുടെ പേരുകൾ അവരുടെ ബന്ധുക്കൾ വായിച്ചപ്പോൾ നേർത്ത ഹൃദ്യമായ സംഗീതം പശ്ചാത്തലത്തിൽ ഒഴുകി.

ഫയർ എഞ്ചിനുകളിലെ പോലുള്ള ബെൽ അടിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. ഒരു മിനിറ്റ് മൗനാചരണവും ഉണ്ടായിരുന്നു. 

ആക്രമണം നടക്കുമ്പോൾ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ലിയു. ബുഷ്, മുൻ പ്രസിഡന്റുമാർ ജോ ബൈഡൻ, ബിൽ ക്ലിന്റൺ, ബരാക്ക് ഒബാമ എന്നിവർ നെഞ്ചിൽ കൈവച്ചു നിന്നു മൗനം ആചരിച്ചു.

വൈസ് പ്രസിഡന്റ് ജെ ഡി വാൻസും പങ്കെടുത്തു. 

ബുഷിന്റെ പിൻഗാമിയായി വന്ന ഒബാമ പിന്നീട് പാക്കിസ്ഥാനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒസാമ ബിൻ ലാദനെ വധിച്ച സൈനിക നടപടിക്കു മുൻകൈയെടുത്തത് ചരിത്രമാണ്.

ആക്രമണത്തിൽ മരിച്ച അൻപതോളം ഇന്ത്യൻ വംശജരിൽ സുശീൽ സോളങ്കിയുടെ അനന്തരവനും ദീപ പക്കലയുടെ മകളും ഉണ്ടായിരുന്നു. മരിച്ച പ്രിയപ്പെട്ടവരുടെ പേരുകൾ വായിക്കാൻ അവരും എത്തി.

ഗവർണർ കാത്തി ഹോക്കലിനൊപ്പം ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനിയും ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ സാന്നിധ്യം എതിർത്ത മുൻ മേയർ റൂഡി ജൂലിയാനിയും എത്തിയിരുന്നു.

വാർഷികത്തിനു മുന്നോടിയായി മാംദാനി പുറത്തു വിട്ട രേഖകളിൽ അന്നത്തെ അധികൃതർക്കു ന്യൂ യോർക്കിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ അറിയാമായിരുന്നു എന്നു തെളിഞ്ഞു. വേൾഡ് ട്രേയ്ഡ് സെന്ററിൽ രക്ഷാ പ്രവർത്തനം നടത്തിയവർ,  ശുചീകരണത്തിൽ ഏർപെട്ടവർ, പരിസര വാസികൾ എന്നിങ്ങനെ 57,000 പേർക്കു പിന്നീട് ക്യാൻസർ ബാധിച്ചിരുന്നു.  

അതേ സമയം, ആക്രമണ സാധ്യതയെ കുറിച്ചു ബിൽ ക്ലിന്റണും ബുഷിനും ഇന്റലിൻജസ് താക്കീതു ലഭിച്ചിരുന്നുവെന്നു ട്രംപ് ഭരണകൂടം പുറത്തു വിട്ട രഹസ്യ രേഖകളിൽ കാണുന്നു. ആക്രമണം തടയാൻ നടപടികൾ ഉണ്ടായില്ലെന്നാണ് ആക്ഷേപം. 

New York honours  9/11 Islamist terror attack  victims 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക