
കത്തോലിക്കാ സഭയിൽ, പുതുതായി അഭിഷിക്തരായ മെത്രാന്മാർക്ക് വേണ്ടി വത്തിക്കാനിൽ നടന്ന പരിശീലനപരിപാടിയിൽ, ജർമനിയിലെ മൈൻസ് രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ, മലയാളിയും കർമലീത്ത സഭാംഗവുമായ മോൺ.ജോഷി ജോർജ് പൊട്ടക്കൽ ഭാഗമായി. തന്റെ അനുഭവങ്ങളും, ജർമ്മനിയിലെ തന്റെ പുതിയ ദൗത്യങ്ങളെയും കുറിച്ച് അദ്ദേഹം വത്തിക്കാൻ ന്യൂസിനോട് സംസാരിച്ചു. കോതമംഗലം രൂപതയിലെ മീൻകുന്നം ഇടവകയിൽ പരേതരായ പൊട്ടക്കൽ ജോർജ്– ഏലിയാമ്മ ദമ്പതികളുടെ മകനാണ് മോൺ.ജോഷി ജോർജ് പൊട്ടക്കൽ.
മെത്രാന്മാരുടെ സമ്മേളനത്തെ പറ്റിയുള്ള ചോദ്യത്തിനു, വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളുമായുള്ള കണ്ടുമുട്ടൽ, ധാരാളം ആശയവിനിമയത്തിനും പരസ്പരം അറിയുന്നതിനും അവസരം ഒരുക്കിയെന്നു അദ്ദേഹം പറഞ്ഞു. ദൈവത്തെ സ്തുതിക്കുന്നതിനും ഇടയന്മാരായി പ്രവർത്തിക്കുന്നതിനും നാം എങ്ങനെ വിളിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള പ്രഭാഷണം തന്നെ വ്യക്തിപരമായി ഏറെ സ്പർശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ കൂടെയുണ്ടായിരുന്നവരിൽ, മ്യാൻമറിൽ നിന്നുള്ള ഒരു മെത്രാൻ ഉണ്ടായിരുന്നുവെന്നും, രാഷ്ട്രീയ സാഹചര്യം ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന നാട്ടിൽ അദ്ദേഹത്തിന്റെ അനുഭവങ്ങൾ മനസ്സിലാക്കിയതും ഏറെ പ്രചോദനം നൽകിയെന്ന് മോൺസിഞ്ഞോർ പറഞ്ഞു. ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നുള്ള മെത്രാന്മാരുമായും സംസാരിക്കുവാൻ ഈ കോഴ്സ് ഉപകാരപ്രദമായെന്നു അദ്ദേഹം പറഞ്ഞു.
ജർമ്മനിയിലെ രൂപതയിലെ സഹായ മെത്രാനായി താൻ നിയമിക്കപ്പെട്ടത്, തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും, അതിനാൽ തന്നെ തുടക്കത്തിൽ, ഈ നിയമനം പൂർണ്ണമനസോടെ സ്വീകരിക്കുവാൻ, താൻ അല്പം സാവകാശം ചോദിച്ചിരുന്നുവെന്നും അദ്ദേഹം പങ്കുവച്ചു. എന്നാൽ ഇത് ദൈവത്തിന്റെ ഒരു വിളിയാണെന്നു തിരിച്ചറിഞ്ഞതിനാലാണ്, അത് സ്വീകരിക്കുവാൻ ധൈര്യപൂർവം താൻ മുൻപോട്ടു വന്നതെന്നും മോൺസിഞ്ഞോർ പറഞ്ഞു. ജർമ്മനിയിൽ, അജപാലന ശുശ്രൂഷ ചെയ്യുന്നവരിൽ 25 ശതമാനത്തിലധികം ആളുകൾ കുടിയേറ്റ പശ്ചാത്തലമുള്ളവരാണ്. അതിനാൽ, വ്യത്യസ്തമായ പശ്ചാത്തലമുള്ള സാർവത്രിക സഭയിൽ നിന്നുള്ള ഒരാളെ തങ്ങളുടെ മെത്രാനായി അംഗീകരിക്കുന്നതിൽ ജർമ്മൻകാർ സന്തുഷ്ടരാണെന്നു താൻ മനസിലാക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ അവസാനം നടക്കാനിരിക്കുന്ന ജർമ്മൻ മെത്രാൻ സമിതിയുടെ ആദ്യ യോഗത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ വിശ്വാസജീവിതം തനിക്ക് ഏറെ സഹായകരമാണെന്നും, വീടുകളിൽ ജപമാല പ്രാർത്ഥന ചൊല്ലുന്നതും, സമൂഹ പ്രാർത്ഥനകൽ ചൊല്ലുന്നതുമെല്ലാം തനിക്ക് ഏറെ പ്രചോദനം നൽകിയിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, ജർമ്മനിയിലെ ദേവാലയങ്ങളിൽ വിശ്വാസികളുടെ എണ്ണം കുറയുന്നത്, അവരുടെ പ്രതിബദ്ധതയുടെ തോത് കുറയുന്നുവെന്നു അർത്ഥമാക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. മെയിൻസ് നഗരത്തിൽ അജപാലന ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന അവസരത്തിൽ, വിശ്വാസികൾ എല്ലാ ഞായറാഴ്ചയും പള്ളിയിൽ വരുമെന്ന് പ്രതീക്ഷിക്കുവാൻ ആവില്ല എങ്കിലും, നല്ല കാര്യങ്ങൾക്ക് വേണ്ടി അവർ ഒരുമിച്ചു കൂടിയിരുന്നു എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യം ആയിരുന്നുവെന്നു അദ്ദേഹം പങ്കുവച്ചു. ജർമ്മനിയിൽ വിശ്വാസം ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി ആചരിക്കപ്പെടുന്നുവെന്നും, ഒരു പുതിയ നഗരത്തിൽ വന്ന് ഒരു കത്തീഡ്രലിലോ പള്ളിയിലോ പോയി മെഴുകുതിരി കത്തിക്കാത്ത ഏതെങ്കിലും ജർമ്മൻകാരെ തനിക്ക് അറിയില്ലയെന്നും മോൺസിഞ്ഞോർ പൊട്ടക്കൽ പങ്കുവച്ചു.
പാപ്പാ, തന്റെ വേനൽകാല വസതിയായ കസ്തൽ ഗന്ധോൾഫോയിൽ വച്ച്, തങ്ങളുമായി പങ്കിട്ട നിമിഷങ്ങളെക്കുറിച്ചും മോൺസിഞ്ഞോർ ജോഷി എടുത്തുപറഞ്ഞു. ഏവരെയും ശ്രവിക്കുന്ന ഒരു വ്യക്തിയാണ് പരിശുദ്ധ പിതാവെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ പിതാവിന് ജർമ്മനിയെക്കുറിച്ചും, തങ്ങളെക്കുറിച്ചും നല്ല ഗ്രാഹ്യം ഉണ്ടെന്നും, ഇവിടെയുള്ള പല കാര്യങ്ങളും പാപ്പാ ചോദിച്ചറിഞ്ഞുവെന്നും, മോൺസിഞ്ഞോർ ജോഷി പങ്കുവച്ചു.