Image

സണ്ണി എം. കപിക്കാടിന്‍റെ വിവാദ വിഡിയോ വിലക്കി ഹൈക്കോടതി

Published on 11 September, 2026
സണ്ണി എം. കപിക്കാടിന്‍റെ വിവാദ വിഡിയോ വിലക്കി ഹൈക്കോടതി

കൊച്ചി: ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് ദളിത് ആക്റ്റിവിസ്റ്റ് സണ്ണി എം. കപിക്കാട് നടത്തിയ വിവാദ പരാമർശങ്ങളടങ്ങുന്ന വിഡിയൊ വിലക്കാൻ ഹൈക്കോടതി നിർദേശം. ഈ ആവശ്യമുന്നയിച്ച് രാഹുൽ ഈശ്വർ നൽകിയ ഹർജിയിലാണ് വിഡിയൊകൾ താത്കാലികമായി വിലക്കാൻ ജസ്റ്റിസ് ജി. ഗിരീഷ് മെറ്റയ്ക്ക് നിർദേശം നൽകിയത്. ഹർജി ഒക്റ്റോബർ ആറിലേക്ക് മാറ്റി. ശബരിമലയിലെ ദേവപ്രതിഷ്ഠയ്ക്ക് എതിരാണ് സണ്ണി എം. കപിക്കാടിന്‍റെ പരാമർശങ്ങളെന്ന് കോടതി വിലയിരുത്തി. ഇത്തരം പരാമർശങ്ങൾ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും കോടതി വിമർശിച്ചു.

തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയ്ക്ക് മുമ്പിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കവേയാണ് സണ്ണി കപിക്കാട് അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ പന്തളം കൊട്ടാരവും ശക്തമായി രംഗത്തു വന്നിരുന്നു. പ്രസ്താവന നിരുത്തരവാദപരവും അപലപനീയവുമാണെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ വ്യക്തമാക്കി.

പ്രസംഗം വിവാദമായതോടെ സണ്ണി മാപ്പ് പറഞ്ഞിരുന്നു. താൻ പറഞ്ഞതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ മാറ്റമില്ലെങ്കിലും ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നും അതിൽ ഖേദമുണ്ടെന്നുമായിരുന്നു സണ്ണിയുടെ വിശദീകരണം. കേസ് നേരിടുമെന്നും സണ്ണി പറഞ്ഞിരുന്നു. പ്രസ്താവനയ്ക്കെതിരെ ഹിന്ദു ഐക്യവേദി പന്തളം നഗരസഭാ കമ്മിറ്റി, തിരുവാഭരണ പാത സംരക്ഷണ സമിതി, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമിതി തുടങ്ങിയ സംഘടനകൾ പൊലീസിൽ പരാതി നൽകിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക