
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിതെളിച്ച പിഎം ശ്രീ പദ്ധതി നടപ്പാക്കൽ സംബന്ധിച്ച് വീണ്ടും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര സർക്കാർ കത്തയച്ചു. പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന ആവശ്യമാണ് കത്തിൽ ഉന്നയിച്ചിട്ടുള്ളത്. ധാരണാപത്രത്തിൽ സംസ്ഥാനം ഒപ്പിട്ടതാണെന്നും നിലവിൽ രൂപീകരിച്ചിട്ടുള്ള മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും ഇതിൽ വ്യക്തമാക്കുന്നു. രണ്ട് ദിവസം മുമ്പ് കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചു.
കത്തിലെ തുടർനടപടികൾ സംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രിയുമായും മുന്നണി നേതൃത്വവുമായും ആശയവിനിമയം നടത്തിയ ശേഷം ആലോചിച്ച് തീരുമാനിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉപസമിതി രണ്ട് വട്ടം യോഗം ചേർന്നെങ്കിലും വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇതിനിടെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലും പിഎം ശ്രീ വിഷയം ഉയർന്നിരുന്നു.
ഇന്നലെ നടന്ന കെപിസിസി യോഗത്തിലും ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നു. പദ്ധതി നടപ്പാക്കരുതെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് കാര്യകാരണ സഹിതം മുഖ്യമന്ത്രി വിശദീകരണം നൽകി. മുൻ സർക്കാർ കരാറിൽ ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ല.
എന്നാൽ സ്‌കൂൾ, പാഠ്യപദ്ധതി എന്നിവയുടെ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാർ വിട്ടുവീഴ്‌ച ചെയ്യില്ലെന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ വിശദീകരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പാക്കിയിട്ടുണ്ട്. കോടികളുടെ കേന്ദ്ര ഫണ്ടാണ് നഷ്‌ടമാകുന്നതെന്നും ഇത് വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.