
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അതിശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ആർക്കെതിരെയായാലും ഇത്തരത്തിലുള്ള നിന്ദ്യവും ക്രൂരവുമായ സൈബർ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മുഖമുള്ളതും ഇല്ലാത്തതുമായ അക്കൗണ്ടുകളിൽനിന്ന് അസത്യങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്നവർ എന്ത് മാനവികതയെയും മാനുഷിക മൂല്യങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ജിജോ മുൻകാലങ്ങളിൽ നൽകിയ അന്വേഷണാത്മക വാർത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് മരണശേഷവും തുടരുന്ന ഈ ഹീനമായ അധിക്ഷേപങ്ങൾക്ക് പിന്നിലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഒരു മാധ്യമപ്രവർത്തകന്റെ ഔദ്യോഗിക കർത്തവ്യ നിർവഹണത്തെയും അപ്രതീക്ഷിത വിയോഗത്തെത്തന്നെയും രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. വിട്ടുപിരിഞ്ഞ ഒരു മാധ്യമപ്രവർത്തകനെതിരെ ഇത്തരത്തിൽ സംഘടിതമായി വിദ്വേഷം പ്രചരിപ്പിക്കുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്കാരത്തിന് തീരാക്കളങ്കമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം ചൂണ്ടിക്കാട്ടി എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും പരാതി നൽകിയിട്ടുണ്ട്. ഈ പരാതികൾ അതീവ ഗൗരവത്തോടെ പരിഗണിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.