Image

മൈക്രോഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരായ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Published on 11 September, 2026
മൈക്രോഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരായ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

​കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ കാലതാമസം വരുത്തുന്ന സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിക്ക് കടുത്ത അമർഷം. ചില പ്രതികളെ മാത്രം പ്രോസിക്യൂഷനിൽനിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും സർക്കാരിന് എന്തുകൊണ്ടാണ് ഇത്തരമൊരു പക്ഷപാതപരമായ സമീപനമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ ചോദിച്ചു. ഗുരുതരമായ സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ട ഉന്നതരെ സംരക്ഷിക്കാൻ ഫയലുകൾ ബോധപൂർവം വെച്ചുതാമസിപ്പിക്കുന്ന നടപടികൾ കോടതിയിൽ വെച്ചുപൊറുപ്പിക്കില്ലെന്നും, ഭരണകൂടത്തിന് എന്ത് ഒത്തുകളിയും നടത്താമെന്ന് കരുതരുതെന്നും ബെഞ്ച് താക്കീതു നൽകി.

​കേസിൽ നേരിട്ട് ഹാജരായ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സുപ്രധാന ഫയലുകൾ വ്യാഴാഴ്ച വൈകുന്നേരം വരെ തനിക്ക് ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വിജിലൻസിന്റെ ഒത്തുകളി കോടതിയുടെ രൂക്ഷമായ അതൃപ്തിക്കിടയാക്കിയത്. കോടതി കർശന നിർദ്ദേശം നൽകിയിട്ടും മാസങ്ങളോളം അനങ്ങാതിരുന്ന വിജിലൻസ്, ഉദ്യോഗസ്ഥ കോടതിയിൽ ഹാജരാകേണ്ടി വരുമെന്ന് വന്നപ്പോൾ മാത്രം ഫയലുകൾ എത്തിച്ചതിനെ അവിശ്വസനീയമായ വീഴ്ചയെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുമ്പോൾ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം വീഴ്ചകൾ യാദൃച്ഛികമല്ലെന്നും കൃത്യമായ ദുരുദ്ദേശത്തോടെയുള്ള ആസൂത്രിത നീക്കമാണെന്നും കോടതി നിരീക്ഷിച്ചു.

​ഫയലുകൾ വകുപ്പിന്റെ കൈവശമെത്തിയ സാഹചര്യത്തിൽ, വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്കെതിരായ പ്രോസിക്യൂഷൻ അനുമതിയിൽ സെപ്റ്റംബർ 18-നകം അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന് ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകി. കോടതി ഉത്തരവിട്ടതുകൊണ്ട് തീരുമാനിച്ചു എന്നല്ലാതെ, വിവേചനാധികാരം നിയമപരമായി വിനിയോഗിച്ചുള്ള ഉത്തരവാണ് വേണ്ടതെന്നും അല്ലാത്തപക്ഷം അഡീഷണൽ ചീഫ് സെക്രട്ടറി വീണ്ടും നേരിട്ട് ഹാജരാകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഹർജികൾ കൂടുതൽ നടപടികൾക്കായി സെപ്റ്റംബർ 18-ലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക