
കുന്ദംകുളം: തെക്കേപ്പുറം മക്കാലിക്കാവ് ഭഗവതിക്ഷേത്രത്തിൽ ശ്രീകോവിൽ കുത്തിത്തുറന്ന് വൻ കവർച്ച. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 15 കിലോഗ്രാമോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും പൂജയ്ക്ക് ഉപയോഗിക്കുന്ന വെള്ളി ശംഖുമാണ് മോഷ്ടാവ് കവർന്നത്. ഇന്ന് പുലർച്ചെ പതിവ് പൂജകൾക്കായി ശാന്തിക്കാരും ജീവനക്കാരും എത്തിയപ്പോഴാണ് ശ്രീകോവിലിലെ മോഷണവിവരം പുറത്തറിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ളതാണ് കവർച്ച ചെയ്യപ്പെട്ട അപൂർവ്വ വിഗ്രഹമെന്ന് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.
കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടന്നിരിക്കുന്നത്. തിരിച്ചറിയാതിരിക്കാൻ ശ്രീകോവിലിന് മുന്നിലെ സിസിടിവി ക്യാമറയിൽ പട്ടുതുണി ചുറ്റി മറച്ച ശേഷമാണ് മോഷ്ടാവ് അകത്തുകടന്നത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് കവർച്ച നടത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിവരം ലഭിച്ചയുടൻ കുന്ദംകുളം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കി.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ക്ഷേത്ര പരിസരങ്ങളിലെയും സമീപ റോഡുകളിലെയും നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രതിക്കായി തെരച്ചിൽ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമീപപ്രദേശങ്ങളിലെ മറ്റ് രണ്ട് ക്ഷേത്രങ്ങളിലും മോഷണശ്രമങ്ങൾ നടന്നിരുന്നു. ഈ കവർച്ചകൾക്ക് പിന്നിൽ ഒരാൾ തന്നെയോ അല്ലെങ്കിൽ ഒരേ സംഘമോ ആണോ എന്ന കാര്യവും പൊലീസ് ഗൗരവമായി പരിശോധിച്ച് വരികയാണ്.