
മാസ്സാച്ചൂസെറ്റ്‌സ് രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മസാചുസെറ്റ്‌സ് സ്വദേശിനിയായ അമ്മയെ വിചാരണ കൂടാതെ വെറുതെവിടണമെന്ന അവിശ്വസനീയ ആവശ്യവുമായി പ്രതിഭാഗം അഭിഭാഷകന്‍ സെപ്തംബര് 9 വ്യാഴാഴ്ച കോടതിയില്‍.
49 കാരിയായ ജാനറ്റ് മക്കാസ്ലാന്‍ഡ് തന്റെ 7 വയസ്സുള്ള മകന്‍ കായ്, 6 വയസ്സുള്ള മകള്‍ എല്ല എന്നിവരെ കൊലപ്പെടുത്തിയ ശേഷം വെര്‍മോണ്ടിലേക്ക് കടക്കുകയായിരുന്നു.
മാതാപിതാക്കള്‍ കസ്റ്റഡി സംബന്ധിച്ച് ശുപാര്‍ശകള്‍ നല്‍കാന്‍ ഒരു മൂന്നാം കക്ഷിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചതോടെ കടുത്ത നിയമ പോരാട്ടം നിര്‍ണായക ഘട്ടത്തിലെത്തിയിരുന്നു. കൊലപാതകങ്ങള്‍ നടന്നതിന് മൂന്ന് ദിവസം മുമ്പായ ഏപ്രില്‍ 21-ന് ഒരു ഗാര്‍ഡിയനെ നിയമിക്കുകയും ചെയ്തു.
കേസില്‍ ആവശ്യത്തിന് തെളിവുകളില്ലെന്ന് വാദിച്ച പ്രതിഭാഗം വക്കീല്‍ ജാനറ്റിനെ ജാമ്യത്തില്‍ വിടണമെന്നും കേസ് തള്ളിക്കളയണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മക്കളുടെ മരണം സംബന്ധിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ടെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി ഈ ആവശ്യം തള്ളി.
ജാനറ്റിനെ ജാമ്യമില്ലാതെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഭര്‍ത്താവുമായുള്ള വിവാഹമോചന തര്‍ക്കങ്ങളും കുട്ടികളുടെ കസ്റ്റഡിയെ കുറിച്ചുള്ള നിയമപോരാട്ടങ്ങളുമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.