
കൊച്ചി: സംസ്ഥാനം നിലവിൽ നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഇടതുപക്ഷ സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതയുമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ എം.എൽ.എ. അധികാരത്തിലേറി കേവലം നൂറു ദിവസം മാത്രം പിന്നിട്ട യുഡിഎഫ് സർക്കാരിന്റെ തലയിൽ പ്രതിസന്ധിയുടെ പഴി കെട്ടിവെക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. പത്തു വർഷത്തെ എൽഡിഎഫ് ഭരണപരാജയത്തിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ ജനം അനുഭവിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ പീക്ക് ടൈം വൈദ്യുതി ആവശ്യം 3,800 മെഗാവാട്ടിൽ നിന്ന് 5,836 മെഗാവാട്ടായി കുത്തനെ ഉയർന്നിട്ടും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ മുൻ സർക്കാർ പൂർണമായി പരാജയപ്പെട്ടു. കേന്ദ്ര പദ്ധതികളും റൂഫ്‌ടോപ് സോളാറുകളും മാറ്റിനിർത്തിയാൽ, കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കെ.എസ്.ഇ.ബി സ്വന്തം നിലയിൽ നേരിട്ട് ഉത്പാദിപ്പിച്ചത് വെറും 204 മെഗാവാട്ട് മാത്രമാണ്. ഉത്പാദന മേഖലയെ പൂർണമായും മരവിപ്പിച്ച സമീപനമാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചതെന്ന് കണക്കുകൾ നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാവിയിലെ ഊർജ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് മുൻ ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പുവെച്ച ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ (പിപിഎ) സാങ്കേതിക കാരണങ്ങൾ പറഞ്ഞ് റദ്ദാക്കിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. തുച്ഛമായ നിരക്കിൽ ലഭിക്കുമായിരുന്ന വൈദ്യുതി വേണ്ടെന്നുവെച്ചതോടെ, ഉയർന്ന വില നൽകി പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വാങ്ങേണ്ട ദുരവസ്ഥയിലേക്ക് കെ.എസ്.ഇ.ബിയെ തള്ളിവിട്ടു. നൂറു ദിവസത്തിനുള്ളിൽ ഒരു സർക്കാരിനും ഒരു പ്രതിസന്ധി സൃഷ്ടിക്കാനോ വൻകിട പദ്ധതികൾ യാഥാർഥ്യമാക്കാനോ കഴിയില്ലെന്നും, നിലവിലെ വെല്ലുവിളികളെ മറികടന്ന് യുഡിഎഫ് സർക്കാർ സംസ്ഥാനത്തിന്റെ ഊർജരംഗത്തെ കാര്യക്ഷമമാക്കുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.