Image

സിഎംആർഎൽ പണമിടപാട്: മൊഴിപ്പകർപ്പിൽ പിണറായിയും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും, സിഎഫ്ഒയുടെ നിർണായക മൊഴിപ്പകർപ്പ് പുറത്ത്

Published on 11 September, 2026
സിഎംആർഎൽ പണമിടപാട്: മൊഴിപ്പകർപ്പിൽ പിണറായിയും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും, സിഎഫ്ഒയുടെ നിർണായക മൊഴിപ്പകർപ്പ് പുറത്ത്

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ വിവാദ സാമ്പത്തിക ഇടപാടുകളിൽ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വ്യക്തമാക്കുന്ന ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ (സിഎഫ്ഒ) നിർണായക മൊഴിപ്പകർപ്പ് പുറത്തുവന്നു. കമ്പനി ഉടമ ശശിധരൻ കർത്തയുടെ ഡയറിയിൽ രേഖപ്പെടുത്തിയിരുന്ന ചുരുക്കപ്പേരുകളുടെ വിശദാംശങ്ങളാണ് ഉദ്യോഗസ്ഥന്റെ മൊഴിയിലൂടെ പുറത്തായത്. പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് പണം നൽകിയതിനെക്കുറിച്ചാണ് മൊഴിയിൽ പ്രതിപാദിക്കുന്നത്.

​ഡയറിയിൽ രേഖപ്പെടുത്തിയിരുന്ന കെ.കെ, എ.ജി, ഒ.സി, പി.വി, ഐ.കെ, ആർ.സി എന്നീ ചുരുക്കപ്പേരുകൾ ആരുടേതാണെന്ന് ഉദ്യോഗസ്ഥൻ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. 'കെ.കെ' എന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയും, 'എ.ജി' എന്നത് എ. ഗോവിന്ദനും, 'ഒ.സി' എന്നത് ഉമ്മൻ ചാണ്ടിയുമാണെന്ന് മൊഴിയിലുണ്ട്. കൂടാതെ 'പി.വി' പിണറായി വിജയനും, 'ഐ.കെ' വി.കെ. ഇബ്രാഹിംകുഞ്ഞും, 'ആർ.സി' രമേശ് ചെന്നിത്തലയുമാണെന്ന് സിഎഫ്ഒ അന്വേഷണ ഏജൻസിക്ക് നൽകിയ മൊഴി വ്യക്തമാക്കുന്നു. എന്നാൽ, നേരത്തെ ഈ വിഷയം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ 'പി.വി' എന്നത് താനല്ലെന്ന് പിണറായി വിജയൻ പരസ്യമായി പ്രതികരിച്ചിരുന്നു.

​മൊഴിപ്പകർപ്പ് പുറത്തുവന്നതോടെ രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ മാത്രം കേസെടുക്കുകയാണെങ്കിൽ അത് ബിജെപി-കോൺഗ്രസ് ഡീലാണെന്നാണ് സിപിഎം ആരോപിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് നടന്ന ഇടപാടിൽ കോൺഗ്രസ്-ലീഗ് നേതാക്കളുടെ പേരുകളുണ്ടായിട്ടും എന്തുകൊണ്ട് അവർക്കെതിരെ കേസെടുക്കുന്നില്ലെന്നും സിപിഎം നേതൃത്വം ചോദിക്കുന്നു. അതേസമയം, പാർട്ടി ഫണ്ടിലേക്കുള്ള രാഷ്ട്രീയ സംഭാവന മാത്രമാണ് തങ്ങൾ കൈപ്പറ്റിയതെന്നും, മുൻ മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ട സർക്കാർതല അഴിമതിയുമായി ഇതിനെ താരതമ്യം ചെയ്യാനാകില്ലെന്നുമാണ് യുഡിഎഫിന്റെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക