Image

സിഖ് സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾക്കെതിരെ യുഎസ് കോൺഗ്രസ് കൂട്ടായ്മ

Published on 11 September, 2026
സിഖ് സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾക്കെതിരെ യുഎസ് കോൺഗ്രസ് കൂട്ടായ്മ

വാഷിങ്ടൺ: സിഖ് സമൂഹത്തെയും മറ്റ് കുടിയേറ്റക്കാരെയും അമേരിക്കയുടെ ശത്രുക്കളായി ചിത്രീകരിക്കുന്ന യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ സമൂഹമാധ്യമ പോസ്റ്റുകൾക്കെതിരെ കോൺഗ്രഷണൽ ഏഷ്യൻ പസഫിക് അമേരിക്കൻ കോക്കസ് (കാപാക്-CAPAC) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സിഖുകാരെയും മറ്റ് കുടിയേറ്റ ഡ്രൈവർമാരെയും അമേരിക്കയ്ക്ക് ഭീഷണിയായാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് പ്രസിദ്ധീകരിച്ച ചില സമൂഹമാധ്യമ പോസ്റ്റുകളിൽ ചിത്രീകരിച്ചതെന്ന് കാപാക് അധ്യക്ഷയും ന്യൂയോർക്കിൽ നിന്നുള്ള കോൺഗ്രസ് അംഗവുമായ ഗ്രേസ് മെങ് പറഞ്ഞു.

സിഖ് അമേരിക്കക്കാർ രാജ്യത്തിന്റെ ശത്രുക്കളല്ലെന്നും അവർ അമേരിക്കൻ സമൂഹത്തിന്റെ അഭേദ്യമായ ഭാഗമാണെന്നും മെങ് വ്യക്തമാക്കി. അവർ അയൽക്കാരും സഹപ്രവർത്തകരും സുഹൃത്തുക്കളും രാജ്യത്തിന്റെ വിവിധ മേഖലകളിൽ സംഭാവന ചെയ്യുന്ന അഭിമാനമുള്ള അമേരിക്കക്കാരുമാണെന്നും അവർ കൂട്ടിച്ചേർത്തു.

'സിങ്' എന്ന കുടുംബപ്പേര് വഹിക്കുന്ന മില്യൺ കണക്കിന്  സിഖുകാരുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മെങ്, 1956ൽ അമേരിക്കൻ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ അമേരിക്കക്കാരനായ ദലീപ് സിങ് സൗണ്ടിന്റെ ചരിത്രവും ഓർമിപ്പിച്ചു. ഒരാളുടെ പേരോ മതവിശ്വാസമോ കുടിയേറ്റ പശ്ചാത്തലമോ അവരെ അമേരിക്കയ്ക്ക് ഭീഷണിയാക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണം 'അപമാനകരവും അപകടകരവുമാണ്' എന്നും അവർ വ്യക്തമാക്കി.

സിഖ് വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ വകുപ്പിന്റെ ഇത്തരം സമൂഹമാധ്യമ ഇടപെടലുകൾ ഉണ്ടായിരിക്കുന്നതെന്നതും ആശങ്കാജനകമാണെന്ന് കാപാക് ചൂണ്ടിക്കാട്ടി. 2024നെ അപേക്ഷിച്ച് 2025ൽ സിഖ് വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ 25 ശതമാനം വർധിച്ചതായി അടുത്തിടെ പുറത്തുവന്ന ഫെഡറൽ അന്വേഷണ ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

ഒരു സമൂഹത്തെ മുഴുവൻ ഭീഷണിയായി സർക്കാർ സംവിധാനങ്ങൾ ചിത്രീകരിക്കുന്നത് വിദ്വേഷത്തിനും വിവേചനത്തിനും കൂടുതൽ പ്രചോദനം നൽകുകയും സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുമെന്ന് മെങ് മുന്നറിയിപ്പ് നൽകി. കോവിഡ് മഹാമാരിയുടെ കാലത്ത് ഇത്തരം 'വിദ്വേഷ പരാമർശങ്ങളുടെ' പ്രത്യാഘാതങ്ങൾ രാജ്യം കണ്ടതാണെന്നും അത് വീണ്ടും ആവർത്തിക്കാൻ അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ 'അപലപനീയമായ' പരാമർശങ്ങളെ കാപാക് ശക്തമായി അപലപിക്കുന്നതായും സർക്കാർ നേതാക്കൾ കൂടുതൽ ഉത്തരവാദിത്തത്തോടെയും വിവേചനരഹിതമായും പ്രവർത്തിക്കണമെന്നും ഗ്രേസ് മെങ് ആഹ്വാനം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക