
കൊച്ചി: തെറ്റുകളിൽനിന്ന് പാഠം ഉൾക്കൊള്ളാൻ തയ്യാറാകാത്ത പിണറായി വിജയൻ ഇനി ഒരു രാഷ്ട്രീയ പരീക്ഷയും ജയിക്കാൻ സാധ്യതയില്ലെന്ന് മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ. പാറപ്പുറത്തിന്റെ നോവലിലെ കുഞ്ഞേനാച്ചന്റെ അവസ്ഥയിലാണ് കാരണവരായ പിണറായിയെന്നും കറുപ്പിന്റെ മയക്കത്തിൽ കാണേണ്ടതൊന്നും അദ്ദേഹം യഥാസമയം കാണുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സമകാലിക മലയാളം വാരികയിലെ 'പ്രഥമദൃഷ്ട്യാ' എന്ന കോളത്തിലാണ് മുൻ മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും കടന്നാക്രമിച്ച് സെബാസ്റ്റ്യൻ പോളിന്റെ നിശിതമായ വിമർശനം.
പാർട്ടി വൻ പരാജയം ഏറ്റുവാങ്ങിയെന്ന കാര്യത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും ഒഴികെ മറ്റാർക്കും സംശയമില്ലെന്ന് ലേഖനത്തിൽ പറയുന്നു. അനിവാര്യമായ തകർച്ചയിലേക്ക് നീങ്ങുന്ന പാർട്ടിയിൽ നിന്ന് അന്തസ്സുള്ളവർ വിട്ടുപോകുന്നത് കാരണവരെ തിരുത്താൻ കെൽപ്പില്ലാത്തതുകൊണ്ടാണ്. പിണറായിയെ മൂന്നാം തവണയും മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെയാണ് ജനങ്ങൾ തകർത്തത്. തന്നെ പരാജയപ്പെടുത്തിയ വോട്ടർമാരെ വഴിതെറ്റിപ്പോയവരെന്നും ശത്രുവിന്റെ കോടാലിയെന്നും വിളിച്ച് മുൻ മുഖ്യമന്ത്രി യുക്തിരഹിതമായി സംസാരിക്കുന്നത് പാർട്ടിയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണെന്നും സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടി.
കെ.കെ. ശൈലജയെ തഴഞ്ഞതിലുള്ള ജനരോഷം കണ്ണൂരിൽ ഒതുങ്ങിയില്ലെന്നും സംസ്ഥാനത്തുടനീളമുള്ള വോട്ടർമാർ അത് പോളിങ് ബൂത്തിൽ ഓർത്തു പ്രതികരിച്ചെന്നും അദ്ദേഹം ഓർമിപ്പിച്ചു. വീണാ ജോർജിന്റെ കലോത്സവ പ്രകടനങ്ങൾ പോലും എൽഡിഎഫിന് വോട്ട് നഷ്ടപ്പെടുത്തി. പിഴവ് പറ്റിയത് പാർട്ടിക്കല്ല, പിണറായിക്കാണെന്നും തിരുത്താൻ തയ്യാറാകാത്തവരെ ജനം തിരസ്കരിക്കുമെന്നും സെബാസ്റ്റ്യൻ പോൾ ഓർമിപ്പിച്ചു. മുഴുവൻ ജനങ്ങൾക്കും പാർട്ടിക്കും വേണ്ടി ഒരാളെ തിരസ്കരിക്കേണ്ടി വരുന്നത് യുക്തമാണെന്ന ബൈബിൾ വചനവും അദ്ദേഹം കുറിപ്പിൽ അടിവരയിടുന്നു.