Image

വൈദ്യുതി പ്രതിസന്ധി: യുഡിഎഫ് സർക്കാരിനെതിരേ സ്വന്തം അണികളിൽ നിന്നും രൂക്ഷവിമർശനം; മന്ത്രിക്കെതിരേ സൈബർ പടയൊരുക്കം

Published on 11 September, 2026
വൈദ്യുതി പ്രതിസന്ധി: യുഡിഎഫ് സർക്കാരിനെതിരേ സ്വന്തം അണികളിൽ നിന്നും രൂക്ഷവിമർശനം; മന്ത്രിക്കെതിരേ സൈബർ പടയൊരുക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി നിയന്ത്രണത്തിലും അപ്രഖ്യാപിത പവർകട്ടിലും യുഡിഎഫ് സർക്കാരിനെതിരേ പ്രതിപക്ഷം രാഷ്ട്രീയ പോര് കടുപ്പിക്കുന്നതിനിടെ, വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരേ കോൺഗ്രസ് അനുകൂല സമൂഹമാധ്യമ ഇടങ്ങളിൽ രൂക്ഷവിമർശനം. മന്ത്രിയുടെ കെടുകാര്യസ്ഥതയാണ് ജനകീയ സർക്കാരിനെ പ്രതിരോധത്തിലാക്കിയതെന്നാണ് കോൺഗ്രസ് പ്രൊഫൈലുകളിൽ ഉയരുന്ന പ്രധാന ആക്ഷേപം. 'ഇന്ദിരാ കട്ട്' എന്നും 'പ്രിയദർശിനി കട്ട്' എന്നും പരിഹസിച്ച് സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിഷയം ജനങ്ങൾക്കിടയിൽ രാഷ്ട്രീയ ആയുധമാക്കുമ്പോൾ, വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചകൾ വെറും സാങ്കേതിക ന്യായങ്ങൾ നിരത്തി മറയ്ക്കാനാവില്ലെന്ന് പ്രവർത്തകർ തുറന്നടിക്കുന്നു.

​മുൻ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്തുണ്ടാക്കിയ വൈദ്യുതി കരാറുകളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന വാദം യഥാസമയം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്നതാണ് പ്രധാന പോരായ്മയായി അണികൾ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഉത്പാദനം കുറയുകയും കരാർ പ്രകാരം അങ്ങോട്ട് വൈദ്യുതി തിരിച്ചുനൽകേണ്ടി വരികയും ചെയ്യുന്ന സാഹചര്യം മുൻകൂട്ടി കണ്ട് ജൂൺ, ജൂലൈ മാസങ്ങളിൽ തന്നെ ജനങ്ങളോട് തുറന്നുപറയാൻ തയ്യാറാകാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് സൈബർ പോസ്റ്റുകളിൽ പറയുന്നു. പ്രതിസന്ധി അതിരൂക്ഷമായ ശേഷം നടത്തുന്ന ന്യായീകരണങ്ങൾ ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ലെന്നും, പരിഹാരമാണ് അടിയന്തരമായി വേണ്ടതെന്നും പ്രവർത്തകർ ഓർമിപ്പിക്കുന്നു.

​വൈദ്യുതി മന്ത്രി എന്നതിനൊപ്പം കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിന് പാർട്ടിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കാൻ സാധിച്ചില്ലെന്ന വിമർശനവും ശക്തമാണ്. മുൻ സർക്കാരിന്റെ കരാറുകൾ സൃഷ്ടിച്ച ബാധ്യതകളെക്കുറിച്ച് മാസങ്ങൾക്ക് മുൻപേ പാർട്ടി തലത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ കഴിഞ്ഞില്ലെന്ന് റനീഷ് തുരുത്തിക്കാടൻ ഉൾപ്പെടെയുള്ള പ്രൊഫൈലുകൾ ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധികൾ മുൻകൂട്ടി കണ്ട് പ്രതിരോധം തീർക്കാൻ സാധിക്കാത്തവർ രാഷ്ട്രീയത്തിൽ കാലഹരണപ്പെട്ടവരാണെന്ന് സ്വയം സമ്മതിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ഉയർന്നതോടെ, വിഷയം കോൺഗ്രസിനുള്ളിൽ വലിയ ആഭ്യന്തര ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക