
മലപ്പുറം: വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവിനെയാണ് (26) മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്ത് മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു സുബിൻ ബാബു.
കഴിഞ്ഞ ദിവസമാണ് കോടതി ഇയാൾക്ക് കേസിൽ ജാമ്യം അനുവദിച്ചത്. ജയിലിൽ നിന്നിറങ്ങിയ ശേഷം മലപ്പുറത്തെ ഒരു സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. ഇവിടെ വെച്ചാണ് ഇയാൾ കൈയിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. മുറിയിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് വിവരമറിഞ്ഞെത്തിയ അധികൃതരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
മലപ്പുറത്തെ വിവിധ കോളജുകളിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് കൈക്കലാക്കി അശ്ലീലരീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ പന്ത്രണ്ടോളം കോളജുകളിലെ വിദ്യാർഥിനികളാണ് മോർഫിങ്ങിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നത്. തുടർന്ന് മെറ്റയിൽ നിന്നടക്കം നിർണായക വിവരങ്ങൾ ശേഖരിച്ചാണ് സൈബർ സെല്ലിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് നിന്ന് പ്രതിയെ പിടികൂടിയത്. ഇത്തരത്തിൽ മോർഫ് ചെയ്ത ചിത്രങ്ങൾ ആവശ്യക്കാരിൽ നിന്ന് പണം വാങ്ങി വിറ്റിരുന്നതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിരുന്നു.