
കൊച്ചി: ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സൈബർ ഇടങ്ങളിലേക്ക് കൂടി ശക്തമായി വ്യാപിപ്പിക്കാൻ എക്സൈസ് വകുപ്പ് ഒരുങ്ങുന്നു. നിലവിൽ വകുപ്പിനുള്ള ഓരോ ഔദ്യോഗിക ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് പുറമേ സോൺ, ജില്ല, സർക്കിൾ, റെയ്ഞ്ച് തലങ്ങളിലും സ്പെഷ്യൽ, ജനമൈത്രി സ്ക്വാഡുകൾക്കുമായി പ്രത്യേക സമൂഹമാധ്യമ പേജുകൾ ആരംഭിക്കാനാണ് തീരുമാനം. ഓരോ ഓഫിസിലും ഈ പേജുകൾ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി പ്രത്യേകം 'സമൂഹമാധ്യമ ഓഫിസർമാരെ' ചുമതലപ്പെടുത്തും.
വകുപ്പ് നടപ്പാക്കുന്ന എൻഫോഴ്സ്മെന്റ് നടപടികളും ലഹരിവിമുക്ത പ്രവർത്തനങ്ങളും താഴേത്തട്ടിലുള്ള ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ നിലവിലുള്ള കേന്ദ്രീകൃത അക്കൗണ്ടുകൾ പര്യാപ്തമല്ലെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. നിലവിലെ പേജുകളിൽ കമന്റുകളായും മെസ്സേജുകളായും ലഭിക്കുന്ന പരാതികളുടെ ആധിക്യം കാരണം സമയബന്ധിതമായി തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. പ്രാദേശികതലത്തിൽ പേജുകൾ സജീവമാകുന്നതോടെ പരാതികൾ വേഗത്തിൽ കൈകാര്യം ചെയ്യാനും കർശന നടപടികൾ ഉറപ്പാക്കാനും സാധിക്കും.
സന്ദേശങ്ങൾ താഴേത്തട്ടുവരെ വേഗത്തിലും ഏകീകൃത രൂപത്തിലും എത്തിക്കാൻ സംസ്ഥാന-ജില്ലാ ഐ.ടി, സൈബർ സെൽ ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ സോൺ, ജില്ലാ തലങ്ങളിൽ അതത് ജോയിന്റ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരുടെ മേൽനോട്ടത്തിലാണ് പേജുകൾ നിലവിൽ വരിക. പുതിയ തലമുറയെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് അവർക്കിഷ്ടപ്പെടുന്ന ട്രെൻഡിങ് രീതിയിലുള്ള റീൽസുകൾ, മീമുകൾ, വീഡിയോകൾ എന്നിവ വഴിയാകും പ്രധാനമായും ലഹരിവിരുദ്ധ ബോധവത്കരണം നടത്തുക.