
കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കഴിഞ്ഞദിവസം നഗരത്തിൽ കാർ തടഞ്ഞിട്ട് സ്വകാര്യ ബസ് ജീവനക്കാരൻ ഭീഷണി മുഴക്കിയ സംഭവം പരാമർശിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. കൊച്ചിയിൽ ബസുകളടക്കമുള്ള വലിയ വാഹനങ്ങളുടെ അപകടപ്പാച്ചിൽ തടയാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് കോടതി നിർദേശം നൽകി. ഈ വിഷയത്തിൽ കഴിഞ്ഞവർഷം പൊലീസ് കോടതിക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്നും ബെഞ്ച് കുറ്റപ്പെടുത്തി.
സുരക്ഷിതമായ റോഡുകൾ എന്നത് പൗരന്റെ മൗലികാവകാശമാണെന്നും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും നഗരത്തിലെ റോഡുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ കോടതി ഓർമിപ്പിച്ചു. ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്ന തരത്തിലുള്ള വലിയ വാഹനങ്ങളുടെ മത്സരയോട്ടം തടയുമെന്നും, പരിശോധനകൾ കർശനമാക്കി പരാതിപ്പെടാനുള്ള വാട്സ്ആപ്പ് നമ്പർ വാഹനങ്ങളിൽ പതിക്കുമെന്നും 2025-ൽ പൊലീസ് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇത്തരം നടപടികളൊന്നും ഫലപ്രദമായി നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിരത്തിൽ മറ്റ് വാഹനങ്ങളെ പേടിപ്പെടുത്താനും അനാവശ്യമായി ഓവർടേക്ക് ചെയ്യാനും ബസുകൾക്ക് ആരാണ് അധികാരം നൽകിയതെന്നും ചോദിച്ചു.
അതിനിടെ, യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ ക്ലീനറുമായി തർക്കത്തിലേർപ്പെട്ട് ബസ് നടുറോഡിൽ ഉപേക്ഷിച്ചുപോയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ് ചെയ്തു. തൃശൂർ സ്വദേശി രജീഷിന്റെ ഡ്രൈവിങ് ലൈസൻസാണ് എറണാകുളം ആർ.ടി.ഒ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. ഇടപ്പള്ളി ജങ്ഷനിൽ വെച്ച് ക്ലീനറുമായുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യാത്രക്കാരെ വഴിയിലാക്കി ഡ്രൈവർ ഇറങ്ങിപ്പോവുകയായിരുന്നു.