
തൃശൂർ: വയനാട്ടിൽ നിന്ന് പിടികൂടി പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 'നന്ദു' എന്ന കടുവയ്ക്ക് ദയാവധം നൽകി. പ്രായാധിക്യവും രോഗാവസ്ഥയും മൂലം ഗുരുതരാവസ്ഥയിലായിരുന്ന കടുവയ്ക്ക് ബുധനാഴ്ച രാവിലെയോടെയാണ് ദയാവധം നടപ്പാക്കിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തിയുടെ ഔദ്യോഗിക ഉത്തരവിനെ തുടർന്നായിരുന്നു നടപടി.
വയനാട്ടിലെ വണ്ടിക്കാട് പ്രദേശത്തുനിന്ന് വനംവകുപ്പ് പിടികൂടിയ ഈ കടുവ ദേവഗർദ്ദ മാടപ്പള്ളി ഊരിലെ ഊരുമൂപ്പൻ മാരനെ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് വയനാട് കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽ പാർപ്പിച്ച പതിനാല് വയസ്സുള്ള കടുവയെ, വായയിലെ ഗുരുതരമായ മുറിവിനെത്തുടർന്ന് 2025-ലാണ് മെച്ചപ്പെട്ട ചികിത്സയ്ക്കായി പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്. വാർധക്യസഹജമായ അവശതകളും പരിക്കും കടുവയുടെ ആരോഗ്യാവസ്ഥയെ സാരമായി ബാധിച്ചിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുവയുടെ ശാരീരികാവസ്ഥ അതീവ ഗുരുതരമായി തുടരുകയായിരുന്നു. തുടർചികിത്സകൾ നൽകാൻ കഴിയാത്തവിധം കടുത്ത വേദന അനുഭവിച്ച മൃഗത്തിന്റെ അവസ്ഥ വിദഗ്ധ സമിതി വിലയിരുത്തുകയും വിവരം ചീഫ് വൈൽഡ് ലൈഫ് വാർഡനെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് ചട്ടങ്ങൾ പാലിച്ചുകൊണ്ട് ദയാവധം നടപ്പാക്കുകയായിരുന്നു.