Image

മകളുടെ വിവാഹദിനത്തിൽ പിതാവ് അന്തരിച്ചു; കണ്ണീരണിഞ്ഞ് നാട്

Published on 11 September, 2026
മകളുടെ വിവാഹദിനത്തിൽ പിതാവ് അന്തരിച്ചു; കണ്ണീരണിഞ്ഞ് നാട്

കിളിമാനൂർ: മകളുടെ വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെ പിതാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലിൽ വൈ.എസ്. അൻവർ (48) ആണ് മരിച്ചത്. ഏറെക്കാലമായി ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വിവാഹദിനമായ ഇന്നലെ (10) രാവിലെ പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് അൻവറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

​മകളുടെ വിവാഹവേദിയിൽ പങ്കെടുക്കാൻ കാത്തുനിന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി വൈകുന്നേരം നാലുമണിയോടെയാണ് മരണം സംഭവിച്ചത്. അച്ഛന്റെ സാന്നിധ്യമില്ലാതെ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കേണ്ടി വന്നതിന്റെ നൊമ്പരത്തിലാണ് കുടുംബം. സന്തോഷം നിറഞ്ഞുനിൽക്കേണ്ട വിവാഹവീട് ഇതോടെ കനത്ത ദുഃഖസാന്ദ്രമായി മാറി.

​കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിലെ സ്ക്വാഡ് ഇൻസ്പെക്ടറായിരുന്നു അൻവർ. കണ്ണൂരിൽ നിന്നാണ് മൂന്നാഴ്ച മുൻപ് ഇദ്ദേഹം സ്ഥലംമാറി നെടുമങ്ങാട്ടെത്തിയത്. കബറടക്കം ഇന്ന് (11) രാവിലെ ഒൻപതിന് പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക