Image

ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കിൽ; ബാങ്കുകൾ തുടർച്ചയായി മൂന്ന് ദിവസം അടഞ്ഞുകിടക്കും

Published on 11 September, 2026
ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കിൽ; ബാങ്കുകൾ തുടർച്ചയായി മൂന്ന് ദിവസം അടഞ്ഞുകിടക്കും

ന്യൂഡൽഹി: പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കുക, പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുമേഖലാ ബാങ്ക് ജീവനക്കാർ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിലാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ബെഫി (BEFI), എ.ഐ.ബി.ഇ.എ (AIBEA), എ.ഐ.ബി.ഒ.സി (AIBOC), എ.ഐ.ബി.ഒ.എ (AIBOA) തുടങ്ങിയ പ്രമുഖ സംഘടനകൾ പണിമുടക്കിൽ അണിനിരക്കും.

​വെള്ളിയാഴ്ചത്തെ പണിമുടക്കിനു പുറമെ ശനിയും ഞായറും വാരാന്ത്യ അവധിയായതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. മാത്രമല്ല, തിങ്കളാഴ്ച വിനായക ചതുർഥി പ്രമാണിച്ച് പല സംസ്ഥാനങ്ങളിലും അവധിയായതിനാൽ ബാങ്കിങ് ഇടപാടുകൾ അടുത്ത ആഴ്ച ആദ്യവും ഭാഗികമായി മുടങ്ങാൻ സാധ്യതയുണ്ട്. കൗണ്ടർ സേവനങ്ങളും ചെക്ക് ക്ലിയറിങ്ങും തടസ്സപ്പെടുമെന്നതിനാൽ എ.ടി.എം, ഓൺലൈൻ ബാങ്കിങ് സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടി വരും.

​ജീവനക്കാരുടെ ദീർഘകാലമായുള്ള ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് യൂണിയനുകളുടെ തീരുമാനം. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ 28, 29, 30 തീയതികളിൽ രണ്ടാം ഘട്ട പണിമുടക്കും, തുടർന്ന് ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും ബാങ്ക് യൂണിയൻ പ്രതിനിധികൾ മുന്നറിയിപ്പ് നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക