Image

'മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒപ്പിടിപ്പിച്ചു'; ഇ.ഡിക്കെതിരെ വ്യാജമൊഴി ആരോപണവുമായി റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്

Published on 10 September, 2026
'മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒപ്പിടിപ്പിച്ചു'; ഇ.ഡിക്കെതിരെ വ്യാജമൊഴി ആരോപണവുമായി റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്

തിരുവനന്തപുരം: സിഎംആർഎൽ പണമിടപാട് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) അതീവ ഗുരുതരമായ ആരോപണങ്ങളുമായി മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തും വ്യാപാരിയുമായ ഹസൻ വാരിസ് രംഗത്ത്. 22 വയസ്സുള്ള തന്റെ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ച് വ്യാജമൊഴിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. മുഹമ്മദ് റിയാസിൽ നിന്ന് താൻ പണം കൈപ്പറ്റുകയോ വിദേശത്തേക്ക് പണം കടത്തുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ വാരിസ്, തന്റെ പേരിൽ ഇ.ഡി തയ്യാറാക്കിയ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി ഡയറക്ടർക്ക് ഔദ്യോഗികമായി പരാതി നൽകി. കത്തിന്റെ പകർപ്പും മാധ്യമങ്ങൾക്ക് ലഭ്യമായിട്ടുണ്ട്.

​കഴിഞ്ഞ ആഗസ്റ്റ് 18-ന് തന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിനിടെയാണ് മാനസിക പീഡനവും ഭീഷണിയും ഉണ്ടായതെന്ന് ഹസൻ വാരിസ് പരാതിയിൽ വ്യക്തമാക്കുന്നു. റിയാസിൽനിന്ന് വലിയ തുക കൈപ്പറ്റി ബിസിനസ് ആവശ്യങ്ങൾക്കായി വിദേശത്തേക്ക് കടത്തിയെന്ന തരത്തിൽ മുൻകൂട്ടി തയ്യാറാക്കിയ മൊഴിയാണ് ഉദ്യോഗസ്ഥർ ഒപ്പിടാനായി നൽകിയത്. ഇതിന് വിസമ്മതിച്ചതോടെയാണ് മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും മറ്റ് വഴിയില്ലാതെയാണ് ഒപ്പിട്ടു നൽകേണ്ടി വന്നതെന്നും വാരിസ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒരു രൂപ പോലും റിയാസിൽ നിന്ന് വാങ്ങിയിട്ടില്ലെന്നും ദുബായിലേക്ക് പണം കടത്തിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

​സിഎംആർഎൽ അന്വേഷണത്തിനിടയിൽ റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും, പാർട്ടി നേതാക്കളും സുഹൃത്തുക്കളുമായ നിഖിൽ, ഫൈജാസ് തുടങ്ങിയവരുടെ അക്കൗണ്ടുകൾ വഴി ദുബായിൽ കമ്പനി തുടങ്ങാനായി പണം കടത്തിയെന്നും കാട്ടി ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ കണ്ടെത്തലുകൾക്ക് തെളിവായി ഇ.ഡി പ്രധാനമായും ഉയർത്തിക്കാട്ടിയത് ഹസൻ വാരിസിന്റെ മൊഴിയായിരുന്നു. എന്നാൽ ഈ മൊഴി സമ്മർദ്ദവും ഭീഷണിയും ചെലുത്തി എഴുതിവാങ്ങിയതാണെന്ന് സാക്ഷി തന്നെ പരസ്യമായി തുറന്നുപറഞ്ഞതോടെ ഇ.ഡിയുടെ അന്വേഷണവും റിപ്പോർട്ടും വലിയ തിരിച്ചടിയും പുതിയ രാഷ്ട്രീയ വിവാദവുമാണ് നേരിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക