
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ മലയാളിക്ക് ഒരു ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 9 കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനം. അജ്മാനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന മലയാളി ജിജോ പുളിക്കത്തൊടിയെയാണ് (41) ഭാഗ്യം തുണച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോൺകോഴ്സ് ബിയിൽ നടന്ന നറുക്കെടുപ്പിൽ ഓഗസ്റ്റ് 22-ന് ഓൺലൈൻ വഴി എടുത്ത 4891 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ നാല് വർഷമായി അജ്മാനിൽ ജോലി ചെയ്യുന്ന ജിജോ തന്റെ 17 സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. 1999-ൽ മില്ലേനിയം മില്യനയർ ആരംഭിച്ചതിന് ശേഷം ഈ ബമ്പർ നേട്ടം സ്വന്തമാക്കുന്ന 283-ാമത്തെ ഇന്ത്യക്കാരനാണ് ജിജോ.
മില്ലേനിയം മില്യനയർ പരമ്പര 554-ന്റെ ഭാഗമായി നടന്ന മറ്റൊരു നറുക്കെടുപ്പിൽ ദുബായിലെ ഇന്ത്യൻ പ്രവാസി രോഹൻ പ്രകാശ് ഫെർണാണ്ടസും പത്ത് ലക്ഷം ഡോളർ സമ്മാനമായി നേടി. 1710 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ഇതോടെ ഒരേ ദിവസം നടന്ന മില്യനയർ നറുക്കെടുപ്പുകളിൽ രണ്ട് ഇന്ത്യക്കാർ ഒന്നാം സമ്മാനം കരസ്ഥമാക്കി ചരിത്രം കുറിച്ചു. സുഹൃത്തുക്കൾക്കൊപ്പം പങ്കുവെക്കുന്ന സമ്മാനത്തുക എല്ലാവരുടെയും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ജിജോ പുളിക്കത്തൊടി പ്രതികരിച്ചു.
ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലും ഇന്ത്യക്കാർ മികച്ച നേട്ടം കൊയ്തു. ഷാർജയിൽ താമസിക്കുന്ന ഇന്ത്യൻ സ്വദേശിയായ യോഗേഷ് ധനക്കിന് (53) റേഞ്ച് റോവർ കാർ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ 15 വർഷമായി പതിവായി ടിക്കറ്റെടുക്കുന്ന ഇദ്ദേഹത്തിന് 1243 എന്ന ടിക്കറ്റിലൂടെയാണ് ആദ്യമായി ഭാഗ്യദേവതയുടെ കടാക്ഷമുണ്ടായത്. കൂടാതെ ദുബായിലെ ഇന്ത്യൻ പ്രവാസിയായ മെൽവിൻ പോണ്ടസ് അപ്രീലിയ ബൈക്കും തുർക്കി പൗരനായ എസെർ എറോൾ ബിഎംഡബ്ല്യു ബൈക്കും ഇതേ നറുക്കെടുപ്പിൽ സ്വന്തമാക്കി. മെൽവിൻ പോണ്ടസിന് ഇത് രണ്ടാം തവണയാണ് ഡ്യൂട്ടി ഫ്രീയിലൂടെ സൂപ്പർ ബൈക്ക് സമ്മാനമായി ലഭിക്കുന്നത്.