
ന്യൂഡൽഹി: 2025 നവംബറിൽ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനം ആസൂത്രിത ചാവേറാക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സംഭവത്തിൽ റൗസ് അവന്യൂ കോടതിയിൽ സമർപ്പിച്ച 7,500 പേജുള്ള കുറ്റപത്രത്തിലാണ് എൻഐഎ നിർണായക വിവരങ്ങൾ വ്യക്തമാക്കിയത്. സ്ഫോടനം നടന്ന ഹ്യുണ്ടായ് ഐ20 കാറിനുള്ളിലിരുന്ന് ഡോ. ഉമർ ഉൻ നബി കമാൻഡ് മെക്കാനിസം ഉപയോഗിച്ച് സ്വയം സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിപ്പിക്കുകയായിരുന്നു. കാറിനുള്ളിൽ നിന്ന് ശേഖരിച്ച ജൈവ അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ചത് ഉമർ നബിയാണെന്ന് സ്ഥിരീകരിച്ചത്. കാർ ബോംബായി രൂപാന്തരപ്പെടുത്തിയ വാഹനത്തിൽ നിന്ന് അതിശക്തമായ അസറ്റോൺ ട്രൈപെറോക്സൈഡ്, അമോണിയം നൈട്രേറ്റ് എന്നിവയുടെ സാന്നിധ്യവും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
അൽഖായ്ദയുമായി ബന്ധമുള്ള 'അൻസാർ ഗസ്വത്-ഉൽ-ഹിന്ദ്' എന്ന ഭീകരസംഘടനയുടെ നിർജ്ജീവമായ മൊഡ്യൂളുകൾ പുനരുജ്ജീവിപ്പിച്ച് രാജ്യത്ത് ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട മുഖ്യ സൂത്രധാരനാണ് കശ്മീർ സ്വദേശിയായ ഉമർ നബിയെന്ന് എൻഐഎ വ്യക്തമാക്കുന്നു. ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ 2022 മുതൽ ഒളിവിൽ കഴിഞ്ഞാണ് ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ജമ്മു കശ്മീരിലും ഡൽഹിയിലും രഹസ്യ യോഗങ്ങൾ സംഘടിപ്പിക്കുകയും പുതിയ റിക്രൂട്ട്മെന്റുകൾ നടത്തുകയും ചെയ്ത പ്രതികൾ 'സിഗ്നൽ' പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയാണ് ആശയവിനിമയം നടത്തിയിരുന്നത്. സായുധ പോരാട്ടങ്ങളെയും ജിഹാദിനെയും പ്രോത്സാഹിപ്പിക്കുന്ന നിരവധി ലഘുലേഖകളും പുസ്തകങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
2025 നവംബർ 10-ന് വൈകിട്ട് 6:50-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 29 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മുഖ്യ സൂത്രധാരനായ ഡോ. ഉമർ ഉൻ നബി സംഭവസ്ഥലത്തുതന്നെ കാർ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടതിനാൽ ഇയാൾക്കെതിരെയുള്ള നിയമനടപടികൾ ഒഴിവാക്കിയതായി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, രാജ്യത്തെ നടുക്കിയ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിലെ മറ്റ് കണ്ണികളെ കണ്ടെത്താനുള്ള വിശദമായ അന്വേഷണം എൻഐഎ ഊർജിതമായി തുടരുകയാണ്.