
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ചിത്രങ്ങളും ശബ്ദവും അനുകരിച്ച് സൈബർ തട്ടിപ്പ് നടക്കുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി. നിക്ഷേപങ്ങൾക്ക് വൻതുക ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ലക്ഷ്യമിട്ടുള്ള വ്യാജ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും ഓഫീസ് വ്യക്തമാക്കി.
വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് എഐ സാങ്കേതികവിദ്യ വഴി സൃഷ്ടിച്ച ഡീപ്‌ഫേക്ക് വീഡിയോകൾ പ്രചരിക്കുന്നത്. വിശ്വസനീയമായ രീതിയിൽ പ്രിയങ്ക ഗാന്ധിയുടെ വ്യാജ ശബ്ദവും ചിത്രങ്ങളും നിർമ്മിച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നതാണ് ഇവരുടെ തട്ടിപ്പ് രീതി. ഇത്തരം വ്യാജ നിക്ഷേപ പദ്ധതികളുമായി വരുന്ന തട്ടിപ്പുകളിൽ ആരും വീണുപോകരുതെന്നും ഈ ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുതെന്നും പ്രിയങ്കയുടെ ഓഫീസ് ഔദ്യോഗിക കുറിപ്പിലൂടെ അഭ്യർഥിച്ചു.
ഇത്തരം വ്യാജ വിവരങ്ങളും തട്ടിപ്പ് വീഡിയോകളും ശ്രദ്ധയിൽപ്പെടുന്ന ഉടൻ തന്നെ അവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റിപ്പോർട്ട് ചെയ്യാനും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് കുറിപ്പിൽ ഓർമ്മിപ്പിച്ചു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന ജാഗ്രത വേണമെന്നും മുന്നറിയിപ്പിലുണ്ട്.