Image

വീണ കാര്യങ്ങള്‍ സമ്മതിച്ചു എന്നത് സത്യമല്ല, ഇ.ഡി വാര്‍ത്തകള്‍ ബോധപൂര്‍വം മെനഞ്ഞ കള്ളക്കഥ; നിയമപരമായി നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്

Published on 10 September, 2026
വീണ കാര്യങ്ങള്‍ സമ്മതിച്ചു എന്നത് സത്യമല്ല, ഇ.ഡി വാര്‍ത്തകള്‍ ബോധപൂര്‍വം മെനഞ്ഞ കള്ളക്കഥ; നിയമപരമായി നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തികച്ചും അസംബന്ധമാണെന്ന് മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെ ബോധപൂര്‍വം മെനഞ്ഞുണ്ടാക്കിയ കള്ളക്കഥയാണിത്. ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ വീണ ഇ.ഡിക്ക് മുന്നില്‍ സമ്മതിച്ചു എന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുകയാണ് ചെയ്തത്. ഇത് പച്ചക്കള്ളമാണെന്നും ഇതിനെതിരെ ശക്തമായി നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

​ഇ.ഡി അന്വേഷണമെന്ന പേരില്‍ ചോര്‍ത്തിനല്‍കുന്ന അസംബന്ധങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെയെന്ന് മുഹമ്മദ് റിയാസ് രൂക്ഷമായി പ്രതികരിച്ചു. വ്യാജവാര്‍ത്തകള്‍ ചമച്ച് പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

​രണ്ടാം പിണറായി സര്‍ക്കാരിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.എ. മുഹമ്മദ് റിയാസ് 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചെന്നും ഇതിലൊരു പങ്ക് ദുബായിലേക്ക് കടത്തിയെന്നും ചൂണ്ടിക്കാട്ടി ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തുനല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. റിയാസിന് ലഭിച്ച തുക സിഎംആര്‍എല്ലില്‍ നിന്നല്ലെന്നും കത്തിലുണ്ടെന്ന വിവരങ്ങളായിരുന്നു മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

 

റിയാസിന്റെ കുറിപ്പ്

ഇന്നത്തെ മാധ്യമങ്ങളില്‍ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങള്‍ ഉണ്ട്.

ഇ ഡി ചോര്‍ത്തി കൊടുത്ത റിപ്പോര്‍ട്ടില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ , അത് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങള്‍ വീണ ഇഡിക്കു മുന്നില്‍ സമ്മതിച്ചു എന്ന് ഇ ഡി ചോര്‍ത്തി നല്‍കിയ വാര്‍ത്തയില്‍ പറയുന്നുണ്ട് .ഇത് പച്ചക്കള്ളമാണ്.

ഇ ഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ.

നിയമപരമായി പോരാടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക