
കൊച്ചി: മരുമകളും വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും ചേർന്ന് തനിക്ക് ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ട് പെൻഷൻകാരിയായ 83-കാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി. മരുമകൾക്ക് അമ്മായിയമ്മയെ സംരക്ഷിക്കാൻ നിയമപരമായ ബാധ്യതയില്ലെന്നും പഠനച്ചെലവിനായി വായ്പയെടുത്ത് കഴിയുന്ന പേരക്കുട്ടിയോട് മുത്തശ്ശിയെ സംരക്ഷിക്കാൻ ആവശ്യപ്പെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ഉത്തരവിട്ടത്. പേരക്കുട്ടിയിൽ നിന്ന് ഇത്തരം യുക്തിരഹിതമായൊരു ആവശ്യം മുത്തശ്ശി പ്രതീക്ഷിക്കാൻ പാടില്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചു.
മരുമകൾക്കും 22 വയസ്സുള്ള പേരക്കുട്ടിക്കും തന്നെ സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്നും അതിനാൽ മാസംതോറും ജീവനാംശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പിലെ മുൻ ഉദ്യോഗസ്ഥയായ കൊച്ചി സ്വദേശിനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സർവീസിലിരിക്കെ മരിച്ച കെഎസ്ഇബി ജീവനക്കാരനായ മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ മരുമകൾക്ക് ലഭിക്കുന്നുണ്ടെന്നും അതിനാൽ അതിൽനിന്ന് പ്രതിമാസം 15,000 രൂപ തനിക്ക് വിട്ടുനൽകണമെന്നുമായിരുന്നു ഇവരുടെ പ്രധാന വാദം.
എന്നാൽ, മകന്റെ മരണാനന്തര ആനുകൂല്യങ്ങളിൽനിന്ന് ആശ്രിതർക്കുള്ള വിഹിതമായി 12,28,646 രൂപ ഹർജിക്കാരിക്ക് കെഎസ്ഇബി നേരിട്ട് നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ഫിഷറീസ് വകുപ്പിൽനിന്നുള്ള സ്വന്തം പെൻഷനും അന്തരിച്ച ഭർത്താവിന്റെ പെൻഷനും നിലവിൽ ഹർജിക്കാരിക്ക് ലഭിക്കുന്നുണ്ട്. വരുമാനമാർഗമുള്ള സാഹചര്യത്തിൽ മുൻപ് മെയിന്റനൻസ് ട്രൈബ്യൂണലും ജില്ലാ കളക്ടറും ഇവരുടെ ആവശ്യം തള്ളിയിരുന്നു. ഈ ഉത്തരവുകൾ പൂർണമായും ശരിവെച്ചാണ് ഹൈക്കോടതിയും ഹർജി തള്ളിയത്.