Image

2030 സെൻസസിൽ രേഖകളില്ലാത്ത കുടിയേറ്റക്കാരെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

Published on 10 September, 2026
2030 സെൻസസിൽ രേഖകളില്ലാത്ത കുടിയേറ്റക്കാരെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

വാഷിങ്ടൺ: 2030ലെ യുഎസ് സെൻസസിൽ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കണക്കിൽനിന്ന് ഒഴിവാക്കാനും വംശം, വംശീയത എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ ഒഴിവാക്കാനും നിർദേശിച്ച് ട്രംപ് ഭരണകൂടം പുതിയ ചട്ടങ്ങൾ അവതരിപ്പിച്ചു. ഭരണകൂടത്തിന്റെ നിർദേശം കടുത്ത എതിർപ്പിനും നിയമപോരാട്ടങ്ങൾക്കും വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

നിർദേശപ്രകാരം യുഎസിലെ നിയമപരമായ സ്ഥിരതാമസക്കാർക്ക് മാത്രമായിരിക്കും സെൻസസിൽ കണക്കാക്കുക. ഗ്രീൻ കാർഡ് ഇല്ലാത്ത മറ്റ് കുടിയേറ്റക്കാരെയും രേഖകളില്ലാത്ത കുടിയേറ്റക്കാരെയും ഉൾപ്പെടുത്തില്ല. നിലവിൽ രാജ്യത്ത് താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ ഇതിലൂടെ കണക്കിൽനിന്ന് ഒഴിവാക്കേണ്ടിവരും.

എന്നാൽ ഭരണഘടനയുടെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് നിർദേശമെന്നാണ് വിമർശനം. ഓരോ സംസ്ഥാനത്തുമുള്ള 'മുഴുവൻ വ്യക്തികളെയും' സെൻസസിൽ കണക്കാക്കണമെന്നാണ് ഭരണഘടന പറയുന്നതെന്നും അവരുടെ കുടിയേറ്റ പദവിയെക്കുറിച്ച് അതിൽ പരാമർശമില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

നിർദേശത്തിന്റെ മറ്റൊരു പ്രധാന ഭാഗം 1790 മുതൽ സെൻസസിൽ ഉൾപ്പെടുത്തിയിരുന്ന വംശ, വംശീയത സംബന്ധിച്ച ചോദ്യങ്ങൾ ഒഴിവാക്കുന്നതാണ്. അടുത്തകാലത്ത് ഉൾപ്പെടുത്തിയ സ്വവർഗ ബന്ധങ്ങളുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും ഒഴിവാക്കും.

സെൻസസിലെ ജനസംഖ്യാ കണക്കുകൾ യുഎസ് രാഷ്ട്രീയ പ്രതിനിധിത്വത്തിൽ നിർണായകമാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധിസഭയിലെ 435 സീറ്റുകൾ സംസ്ഥാനങ്ങൾക്കിടയിൽ വിഭജിക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം കൂടുതലുള്ള ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിൽ പുതിയ രീതി നടപ്പാക്കിയാൽ ജനസംഖ്യാ കണക്കിൽ വലിയ കുറവുണ്ടാകാമെന്നാണ് വിമർശനം. അതേസമയം ടെക്സസ്, ഫ്ലോറിഡ പോലുള്ള റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളെയും ഇതിന്റെ പ്രത്യാഘാതം ബാധിച്ചേക്കാം.

ജനസംഖ്യാ കണക്കിൽ കുറവുണ്ടാകുന്നത് ഫെഡറൽ സഹായത്തിലും പ്രതിഫലിക്കും. സർക്കാർ പദ്ധതികൾക്കുള്ള ഫെഡറൽ ഫണ്ടുകളുടെ വലിയൊരു ഭാഗം സംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. അതിനാൽ കുടിയേറ്റക്കാർ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ധനസഹായം കുറയാനുള്ള സാധ്യതയുണ്ട്.

ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് നിർദേശത്തിനെതിരെ ശക്തമായ നിലപാടെടുത്തു. കുടിയേറ്റ പദവി പരിഗണിക്കാതെ യുഎസിൽ താമസിക്കുന്ന ഓരോ വ്യക്തിയെയും സെൻസസിൽ ഉൾപ്പെടുത്തണമെന്ന് ഭരണഘടന വ്യക്തമാക്കുന്നുവെന്നും നിർദേശത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും അവർ പറഞ്ഞു.

വിവിധ വിഭാഗങ്ങളുടെ ജനസംഖ്യാ അനുപാതം കണക്കാക്കാൻ ഇത്തരം വിവരങ്ങൾ ഉപയോഗിക്കുന്നതിനാൽ കോൺഗ്രസ്, സംസ്ഥാന നിയമസഭാ മണ്ഡലങ്ങളുടെ രൂപീകരണത്തെയും ഇത് ബാധിച്ചേക്കാം. ആരോഗ്യ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ നിരവധി പഠനങ്ങൾക്കും സെൻസസ് വിവരങ്ങൾ പ്രധാനമാണ്.

അതേസമയം ഭരണകൂടം നിർദേശത്തെ ഭരണഘടനയുടെ ലക്ഷ്യത്തിലേക്കുള്ള തിരിച്ചുവരവായാണ് വിശേഷിപ്പിക്കുന്നത്. സെൻസസ് വിവരങ്ങളുടെ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമാണ് മാറ്റങ്ങളെന്നാണ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം. രേഖകളില്ലാത്ത കുടിയേറ്റക്കാർ യുഎസിലെ 'യഥാർഥ നിവാസികളോ' രാഷ്ട്രീയ സമൂഹത്തിലെ അംഗങ്ങളോ അല്ലാത്തതിനാൽ അവരെ ഒഴിവാക്കണമെന്നാണ് കരട് ചട്ടത്തിലെ വാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക