Image

'20.5 കോടി കൈക്കൂലി കടത്തിയത് ദുബായിലേക്ക്, തെളിവായി വീണയുടെ 'റെഡ് ബുക്ക്'; റിയാസിനെതിരെയും നീക്കം ശക്തമാക്കി ഇ.ഡി

Published on 10 September, 2026
'20.5 കോടി കൈക്കൂലി കടത്തിയത് ദുബായിലേക്ക്, തെളിവായി വീണയുടെ 'റെഡ് ബുക്ക്'; റിയാസിനെതിരെയും നീക്കം ശക്തമാക്കി ഇ.ഡി

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീണ വഴി സിഎംആർഎല്ലിൽ നിന്ന് പലപ്പോഴായി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും, പി.എ. മുഹമ്മദ് റിയാസ് 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചതിൽ ഒരു പങ്ക് ദുബായിലേക്ക് കടത്തിയെന്നുമാണ് ഡിജിപിക്ക് നൽകിയ 25 പേജുള്ള കത്തിൽ ഇ.ഡി ആരോപിക്കുന്നത്. റിയാസിന് ലഭിച്ച തുക സിഎംആർഎല്ലിൽ നിന്നല്ലെന്നും, ദുബായിൽ കമ്പനി തുടങ്ങാനും ബിസിനസ് നടത്താനുമായി പണം കടത്തിയെന്ന് സുഹൃത്തുക്കളായ നിഖിൽ, ഷൈജൽ, വാരിസ് എന്നിവർ മൊഴി നൽകിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

​റിയാസിന്റെ സാമ്പത്തിക-ഹവാല ഇടപാടുകൾ വ്യക്തമാക്കുന്ന വിവരങ്ങൾ വീണയുടെ ഡയറിയിലെ ഏഴ് പേജുകളിലുണ്ടെന്നും ഈ രേഖയെ 'റെഡ് ബുക്ക്' എന്നാണ് ഇ.ഡി വിശേഷിപ്പിച്ചിരിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പണം ദുബായിലേക്ക് കടത്തിയ കാലയളവിൽ രണ്ടാഴ്ചയോളം വീണ ദുബായിൽ താമസിച്ചിരുന്നതായും 2024-25 കാലഘട്ടത്തിലെ പണമിടപാടുകൾ, രേഖകൾ, സാക്ഷിമൊഴികൾ എന്നിവ ഇതിന് തെളിവായിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു. കൈക്കൂലിപ്പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിൽ വിശദമായ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം വേണമെന്നാണ് ഇ.ഡിയുടെ പ്രധാന ശുപാർശ.

​അതേസമയം, കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ (ഡിജിപി) അടിയന്തര നിയമോപദേശം തേടി. കേന്ദ്ര ഏജൻസിയുടെ കത്ത് ലഭിച്ചതുകൊണ്ടുമാത്രം നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സർക്കാരിന് ബാധ്യതയില്ലെന്ന മുൻ ഉത്തരവുകൾ നിലനിൽക്കെ, പ്രതിസ്ഥാനത്തുള്ളവരുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്താൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത ഭരണനേതൃത്വം വിലയിരുത്തുന്നുണ്ട്. അതിനാൽ നേരിട്ട് കേസെടുക്കുന്നതിന് പകരം വിവരങ്ങളിൽ പ്രാഥമിക ദ്രുതപരിശോധനയ്ക്ക് (ക്വിക്ക് വെരിഫിക്കേഷൻ) ഉത്തരവിടാനാണ് സർക്കാരിന്റെ നീക്കം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള സാധ്യതകൾ സിപിഎമ്മും സജീവമായി പരിശോധിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക